ചങ്ങനാശേരി: ഇരു വൃക്കകളും തകരാറിലായി ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന പ്രവീൺ (26) നായി തൃക്കൊടിത്താനം പഞ്ചായത്തും പ്രത്യാശ ജീവൻ രക്ഷാസമിതിയും കൈകോർക്കുന്നു. തൃക്കൊടിത്താനം പഞ്ചായത്തിൽ മണികണ്ഠവയൽ 4-ാം വാർഡിൽ കുറുപ്പൻപറമ്പിൽ വീട്ടിൽ ഓമനയുടെയും ഭാസുരന്റെയും മകനായ പ്രവീണിനുവേണ്ടി ഇന്ന് രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ 36 സ്‌ക്വോഡുകളായി 2,3,4,5,6,8 വാർഡുകളിലായി ധനസമാഹരണം നടത്തും.

പ്രവീണിന്റെ ജീവൻ നിലനിൽത്തണമെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ അനിവാര്യമാണ്. മാതാവ് ഓമനയുടെ വൃക്കയാണ് ദാനമായി നൽകുന്നത്. വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി 12 ലക്ഷം രൂപയാണ് ആവശ്യം. ഫാ സെബാസ്റ്റ്യൻ പുന്നശ്ശേരി, ജനറൽ കൺവീനർ ജി.നീലകണ്ഠൻ പോറ്റി, കോഓർഡിനേറ്റർ ടോണി പുളിക്കൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.എൻ സുവർണ്ണകുമാരി, വൈസ് പ്രസിഡന്റ് പ്രസാദ് കുമരംപറമ്പിൽ, വാർഡ് മെമ്പർമാരായ, വർഗീസ് ആന്റണി, ബൈജു വിജയൻ, ഉഷാ രവീന്ദ്രൻ, മറിയാമ്മ മാത്യു, ബിനോയ് ജോസഫ്, സന്ധ്യ ബിനു എന്നിവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം.