ksrtc

ചങ്ങനാശേരി: ചങ്ങനാശേരി ആലപ്പുഴ റോഡിൽ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് പള്ളിക്കൂട്ടുമ്മ വരെ ഇന്ന് മുതൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവ്വീസ് നടത്തുവാൻ തീരുമാനിച്ചതായി ഡിപ്പോ അധികൃതർ അറിയിച്ചു. ഉൾനാടൻ പ്രദേശങ്ങളായ വടക്കൻ വെളിയനാട്, പുളിങ്കുന്ന്, വെളിയനാട് സ്വതന്ത്രമുക്ക്, കായൽപ്പുറം എന്നിവിടങ്ങളിലേയ്ക്കും സർവ്വീസ് നടത്തും. ജലനിരപ്പ് താഴ്‌ന്നെങ്കിലും എ.സി റോഡിൽ നിന്ന് പൂർണ്ണമായി വെള്ളം ഇറങ്ങിയിട്ടില്ല. ബസ് സർവ്വീസ് തുടങ്ങുന്നതിനായി കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ട്രാൻ ബസ് അധികൃതരുടെ നേതൃത്വത്തിൽ റൂട്ടിൽ ചെക്ക് ചെയ്തിരുന്നു. വാഹനത്തിന് കേടുപാടുകളും മറ്റും സംഭവിയ്ക്കുന്നതും വാഹനങ്ങൾ കടന്നു പോകുമ്പോൾ എ.സി റോഡിലെ വീടുകളിലേക്ക് വെള്ളം ഇരച്ചു കയറുന്നതിനും ഇടയാക്കുന്നതിനാൽ പ്രദേശവാസികളുടെ പരാതിയും ഉയർന്നിരുന്നു. ഉൾനാടൻ പ്രദേശങ്ങളിലെ ആളുകളും പഞ്ചായത്ത് അധികൃതരും സർവ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പള്ളിക്കൂട്ടുമ്മ കഴിഞ്ഞ് ജലനിരപ്പ് കൂടുതലായതിനാൽ ആലപ്പുഴ വരെയുള്ള സർവ്വീസ് ഇനിയും വൈകുമെന്നും അധികൃതർ പറഞ്ഞു. മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് ഉണ്ടായതിനെ തുടർന്ന് ചങ്ങനാശേരിയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലെയും കുട്ടനാടൻ പ്രദേശങ്ങളിലെയും ആളുകളുടെ രക്ഷാപ്രവർത്തനത്തിനായി എത്തിച്ച വള്ളങ്ങൾ മടക്കി അയച്ചു. ജലനിരപ്പ് താഴ്ന്നു തുടങ്ങിയതും പ്രളയ ഭീതി ഒഴിഞ്ഞതിനാലുമാണ് വള്ളങ്ങൾ മടക്കിയതെന്ന് അധികൃതർ പറഞ്ഞു. മൂന്ന് വള്ളങ്ങളാണ് കഴിഞ്ഞ ദിവസം സഹകരണ മന്ത്രി വി.എൻ വാസവന്റെ ഇടപെടലിനെ തുടർന്ന് ചങ്ങനാശേരി താലൂക്ക് ഓഫീസ് മൈതാനത്തിന് സമീപം ലോറിയിൽ എത്തിച്ചത്. മഴയെ തുടർന്ന് ആരംഭിച്ച ക്യാമ്പുകൾ തുടരുന്നുണ്ട്. എട്ടു ക്യാമ്പുകളിലായി 480 പേരാണ് താമസിക്കുന്നത്.