കോട്ടയം: വിരിപ്പുകൃഷി വിളവെടുപ്പിന് കൊയ്ത്ത് യന്ത്രത്തിന്റെ വാടക മണിക്കൂറിന് 2,000രൂപ നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കിയെങ്കിലും വാഹന ഉടമകൾ ഈടാക്കുന്നത് 2,100 രൂപ മുതൽ 2,300 രൂപ വരെ. കഴിഞ്ഞ സീസണിൽ കൊയ്ത്ത് യന്ത്രത്തിന്റെ വാടക മണിക്കൂറിന് 1,700 മുതൽ 1,900 രൂപ വരെയായിരുന്നു. വിളവെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കൃഷി ഓഫീസർമാർ ഉൾപ്പെട്ട യോഗത്തിലാണ് കൊയ്ത്ത് യന്ത്രത്തിന്റെ വാടക നിശ്ചയിച്ചത്. ഡീസൽ വില വർദ്ധിച്ചുവെന്ന കാരണം പറഞ്ഞാണ് ഉടമകൾ അമിത വില ഈടാക്കുന്നത്.
മഴക്കെടുതി തരണം ചെയ്ത് ജില്ലയിലെ വിരിപ്പ് കൃഷിയുടെ ആദ്യ വിളവെടുപ്പിന് ഇന്നലെ തുടക്കമായി. വെള്ളം കയറിയ പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാനാവാതെ പലകുറി മാറ്റിവെച്ച കൊയ്ത്താണ് രണ്ട് ദിവസമായി മഴ മാറിനിന്നതോടെ ആരംഭിച്ചത്. അയ്മനം പഞ്ചായത്ത് 20-ാം വാർഡിലെ വട്ടക്കായൽ തട്ടേപ്പാടം, ആർപ്പൂക്കര ഒന്നാം വാർഡിലെ മഞ്ചാടിക്കരി പുത്തൻ കേളക്കേരി എന്നീ പാടശേഖരങ്ങളിലാണ് കൊയ്ത്ത് തുടങ്ങിയത്. 120 ദിവസം മൂപ്പുള്ള ഡി വൺ നെൽ വിത്താണ് വിതച്ചതെങ്കിലും മഴയും വെള്ളപ്പൊക്കവും കാരണം 135ാം ദിവസമാണ് കൊയ്ത്ത് ആരംഭിക്കാനായത് .
കാറ്റിലും മഴയിലും വീണടിഞ്ഞ നെല്ലാണെങ്കിൽ കൊയ്ത്തിന് കൂടുതൽ സമയം വേണ്ടിവരും എന്നതും കർഷകന് വൻ തിരിച്ചടിയാകും. ഇന്നലെ കൊയ്ത്ത് ആരംഭിച്ച 190 ഏക്കറുള്ള വട്ടക്കായൽ തട്ടേപ്പാടത്തെ 136 കർഷകരും അടുത്ത മഴയ്ക്ക് മുമ്പായി തങ്ങളുടെ നെല്ല് കൊയ്തെടുക്കാനുള്ള ശ്രമത്തിലാണ്. ഇന്നലെ തന്നെ കൊയ്ത്ത് ആരംഭിച്ച ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി പുത്തൻ കേളക്കേരി പാടം 300 ഏക്കറാണ്. ജൂൺ അഞ്ചിന് വിതച്ച 295 ഏക്കറുള്ള വടക്കേപള്ളിപ്പാടം എന്നറിയപ്പെടുന്ന കേളക്കരി വട്ടക്കായൽ വിതച്ചിട്ട് 140 ദിവസമായെങ്കിലും ഇന്നാണ് കൊയ്ത് തുടങ്ങിയത്. ചാലാകരി പാടത്തും ഇന്ന് കൊയ്ത്ത് ആരംഭിക്കം.
കൃഷിയോഗ്യമാക്കി വിതയ്ക്കാൻ പാകത്തിന് ശരിയാക്കിയിരുന്ന ഈരത്ര ഇഞ്ചൻതുരുത്ത് പാടശേഖരത്തിലും അയ്യംപടവ് സർപ്പകണ്ടം പാടശേഖരത്തിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെളളപ്പൊക്കത്തിൽ പോള കയറി. പാടം കൃഷിയോഗ്യമാക്കാനും വെളളം കയറാതിരിക്കാൻ മട സ്ഥാപിച്ചതിനും വളരെയധികം രൂപ ചെലവായതായി പാടശേഖര സമിതിക്കാർ പറഞ്ഞു.