ashtami

വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുടെ മുന്നോടിയായി നടത്തുന്ന മുഖസന്ധ്യവേല സമാപിച്ചു. സമാപന ദിവസത്തെ സന്ധ്യവേലയ്ക്ക് ദേവസ്വം ജീവനക്കാരുടെ കൂട്ടായ്മയിൽ പുഷ്പാലങ്കാരവും വിളക്കുവയ്പും നടത്തി. ചടങ്ങുകൾക്ക് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ.ശ്രീലത, അസി.കമ്മിഷണർ ഡി.ജയകുമാർ, അഡ്മിനിസ്ട്രേ​റ്റിവ് ഓഫീസർ എം.ജി.മധു എന്നിവർ നേതൃത്വം നല്കി. പ്രഭാത പൂജക്ക് ശേഷം മേൽശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി , ടി.എസ്.നാരായണൻ നമ്പൂതിരി , തരണി ശ്രീധരൻ നമ്പൂതിരി , അനൂപ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന വശേഷാൽ പൂജകൾക്ക് ശേഷം വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ തിടമ്പേ​റ്റി. വെച്ചൂർ രാജേഷ്, വൈക്കം ഗോപകുമാർ, വൈക്കം ജയൻ, വടയാർ ബാബു, വെച്ചൂർ വൈശാഖ്, വൈക്കം ഷിബു, വൈക്കം കാർത്തിക്, വൈക്കം പവിത്രൻ, അതുൽ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് സമാപിച്ചു. വൈകിട്ട് അത്താഴ ശ്രീബലിക്കും എഴുന്നള്ളിപ്പ് നടന്നു. ഏ​റ്റുമാനൂർ, തെക്കുംകൂർ, അമ്പലപ്പുഴ, തിരുവല്ല എന്നീ നാട്ടുരാജാക്കൻമാർ തുടർച്ചയായി നാലു ദിവസം കൊണ്ട് നടത്തിയിരുന്നതാണ് മുഖ സന്ധ്യ വേല. തുലാമാസത്തിലെ രേവതി നക്ഷത്രത്തിൽ ആരംഭിച്ച് കാർത്തിക നാളിൽ അവസാനിക്കുന്ന രീതിയാലാണ് മുഖ സന്ധ്യ വേല നടത്തുന്നത്. ഇപ്പോൾ ദേവസ്വത്തിന്റെ അടിയന്തരമാണ്. സമൂഹങ്ങളുടെ സന്ധ്യവേല നവംബർ 9 നാണ് ആരംഭിക്കുക. 9 ന് വൈക്കം സമൂഹത്തിന്റെ സന്ധ്യ വേലയും ഒ​റ്റപ്പണ സമർപ്പണവും നടക്കും. 11 ന് തെലുങ്ക് സമൂഹവും 12 ന് തമിഴ് വിശ്വബ്രഹ്മ സമാജവും സമാപന ദിനമായ 15 ന് വടയാർ സമൂഹവും സന്ധ്യവേലയും ഒ​റ്റപ്പണ സമർപ്പണവും നടത്തും. 15 ന് കൊടയേ​റ്ററിയിപ്പ്, അഷ്ടമിയുടെ കോപ്പു തൂക്കൽ , കുലവാഴ പുറപ്പാട് എന്നി ചടങ്ങുകളും നടക്കും. വൈക്കത്തഷ്ടമി നവംബർ 16 ന് കൊടിയേറും. 27നാണ് അഷ്ടമി ദർശനം. ഉദയനാപുരം ക്ഷേത്രത്തിൽ നവംബർ 11 ന് കൊടിയേറി 20 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 19 നാണ് തൃക്കാർത്തിക: