ചങ്ങനാശേരി : ഒന്നല്ല, മുട്ടിന് മുട്ട് കുഴികൾ. ചാടിച്ചാടി നടുവൊടിഞ്ഞു. ചങ്ങനാശേരി നഗരത്തിലൂടെയുള്ള യാത്ര വാഹനയാത്രക്കാർക്ക് സമ്മാനിക്കുനത് ദുരിതം മാത്രമാണ്. എം.സി റോഡിൽ മുനിസിപ്പൽ ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെയാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻവശത്തും അപകടക്കെണിയൊരുക്കി കുഴി വീണ്ടും രൂപപ്പെട്ടു. അടുത്തകാലത്താണ് കുഴി മണ്ണിട്ടു മൂടി ടാർ ചെയ്തത്. ദിനം പ്രതി നൂറ് കണക്കിന് വാഹനങ്ങളും, ബസുകളും കടന്നു പോകുന്ന പ്രധാന റോഡാണിത്. വാട്ടർഅതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നു പോകുന്ന ഭാഗമായതിനാൽ, പമ്പിംഗ് പവർ കൂടുമ്പോൾ പൈപ്പ് ലൈൻ പൊട്ടി വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നത് പതിവായിരുന്നു. ഇരുവശങ്ങളിൽ നിന്ന് വരുന്ന ബസുകൾ ഇറങ്ങിപ്പോകുന്ന പ്രധാന കവാടത്തിനു മുൻപിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.

 ഇരുചക്രവാഹനയാത്രികർ പെട്ടത് തന്നെ !

കോട്ടയം ഭാഗത്തേയ്ക്ക് പോകുന്നതിനായി എത്തുന്ന വാഹനങ്ങൾ കുഴിയിൽ ചാടാതിരിക്കുന്നതിനായി മറുവശത്തേയ്ക്ക് കടന്നാണ് പോകുന്നത്. രാത്രികാലങ്ങളിൽ കുഴി അറിയാതെ എത്തുന്ന ഇരുചക്രവാഹനയാത്രികർ കുഴിയിൽ അകപ്പെടുകയും അപകടത്തിന് ഇടയാക്കുകയും ചെയ്യുന്നു. നഗരസഭ കാര്യാലയത്തിനു മുന്നിലെ കുഴിയും അപകടങ്ങൾക്കിടയാക്കും. പഴയപള്ളിക്ക് മുൻവശത്തെ റോഡിൽ ടാറിംഗ് ഇളകിയതിനാൽ ചെറു വാഹനങ്ങൾ തെന്നി നിയന്ത്രണം വിടുന്നത് പതിവാണ്.

കുഴി അടച്ച് റോഡ് കൃത്യമായി റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണം. വർഷങ്ങളായി ട്രാൻ.സ്റ്റാൻഡിന് മുന്നിൽ അപകടക്കെണിയാണ്.കുഴി മൂടിയാലും ഒറ്റ മഴയിൽ വീണ്ടും രൂപപ്പെടും.

സുരേഷ്, യാത്രക്കാരൻ