b

മുണ്ടക്കയം: കൂട്ടിക്കൽ പഞ്ചായത്തിനെ ഏഴാം വാർഡായ ഇളങ്കാട് ടോപ്പുമായി ബന്ധിപ്പിക്കുന്ന മ്ളാക്കരപ്പാലം ഉരുളെടുത്തിട്ട് ഒരാഴ്ച പിന്നിട്ടു. ഉരുൾപൊട്ടലിന്റെ ഭീകരത ലോകം മുഴുവൻ കണ്ട് രക്ഷാപ്രവർത്തനത്തിനെത്തിയപ്പോഴും ഇവിടെ ഒറ്റപ്പെട്ടുപോയ 250ലേറെ കുടുംബങ്ങളുടെ ക്ഷേമം തിരക്കി ജനപ്രതിനിധികളാരും എത്തിയില്ല. പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട ഈ പ്രദേശത്തേക്ക് ആദ്യമായി എത്തുന്ന വാർത്താസംഘവും 'കേരളകൗമുദി"യുടേതാണ്.

1993ൽ പണിത പാലമാണ് മലവെള്ളത്തിനൊപ്പം ഒലിച്ചുപോയത്. മ്ളാങ്കര മുതൽ ഇളംങ്കാട് ടോപ്പുവരെ വലുതും ചെറുതുമായ അമ്പതിലേറെ ഉരുളുകളാണ് പൊട്ടിയത്. കൃഷിയിടങ്ങൾ ഒലിച്ചു പോയി. റോഡ് ഗതാഗതം താറുമാറായി. നാടിനെ ബന്ധിപ്പിക്കുന്ന ചെറുപാലങ്ങൾ ഒടിഞ്ഞു. കുടിവെള്ളപ്പൈപ്പുകൾ പൊട്ടിപ്പൊളിഞ്ഞു. തോട്ടിലെ മലവെള്ളം അവഗണിച്ച് രോഗികളെയും വൃദ്ധരെയും തോളിലേറ്റിയാണ് ക്യാമ്പിലെത്തിച്ചത്. മഴകനത്തതോടെ വീണ്ടും ഭീതിയോടെ ബാക്കിയുള്ളവർ വീടുകളിൽ കഴിയുകയാണ്. ഒടിഞ്ഞ വൈദ്യുതി പോസ്റ്റുകളും പൊട്ടിവീണ ലൈനുകളും അതേപടിയുണ്ട്. ചാർജ് ചെയ്യാൻ കഴിയാത്തതിനാൽ ഫോണുകൾ നിർജ്ജീവമായി. ജീപ്പുകളും ബസ് സർവീസുമായിരുന്നു ഏക ആശ്രയം. ഭൂരിഭാഗം ജീപ്പുകളും ഉരുൾപൊട്ടൽ സമയത്ത് പാലത്തിന് അക്കരെയായിരുന്നു. പാലമില്ലാത്തതിനാൽ ഇളംകാട് വരെയെ ബസ് സർവീസ് നടത്താനാവൂ. നാട്ടുകാർ ചേർന്ന് തോടിന് കുറുകെയിട്ടിരിക്കുന്ന ഒടിഞ്ഞ രണ്ട് വൈദ്യുത പോസ്റ്റുകളിൽ ചവിട്ടിയാണ് ഇപ്പോൾ കടന്നു പോകുന്നത്.

 എം.എൽ.എ സാറെ ഒന്നുവരുമോ...

ദുരന്തം കഴിഞ്ഞ് ഒരാഴ്ചയായിട്ടും സ്ഥലത്ത് എത്താത്ത അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എയോട് ഇന്നലെയും രാവിലെ ഫോണിൽ വിളിച്ച് കെഞ്ചുകയായിരുന്നു നാട്ടുകാർ. കൂട്ടിക്കലിന്റെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി മന്ത്രിമാർ മടങ്ങിയപ്പോഴും വാഹനം പോകാത്തതിനാൽ ഒരാളും ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല. പ്രദേശവാസികളായ സാബുവും ജോസും സുബിയുമൊക്കെ സേവനസജ്ജരായി പരിസരത്തുണ്ട്.

 '' മ്ളാങ്കരപ്പാലം എന്ന് ശരിയാകുമെന്ന് ഒരുറപ്പുമില്ല. അതുവരെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലൂടെ വഴിവെട്ടാം. താഴ്ഭാഗത്ത് ചപ്പാത്തുപോലെ തോടിനെ ഉപയോഗിക്കാം. എല്ലാ ചെലവുകളും ഞങ്ങൾ വഹിച്ചോളം. അധികൃതർ കൂടെ നിന്നാൽ മാത്രം മതി''

- സാബു, പ്രദേശവാസി

 ഒലിച്ചുപോയ പാലങ്ങൾ

മൂപ്പൻമല പാലം, ഇളംങ്കാട് ലിങ്ക് റോഡിലെ മുത്തനാട്ട് പടി പാലം, ഇളംങ്കാട് ടോപ്പിലെ 39 റോഡ് പാലം, മൂപ്പൻമല ടോപ്പ് റോഡിൽ ഇരുമ്പ് പാലം.

ഉരുൾപൊട്ടലിലെ ആകെ നാശം

 പൊതുമരാമത്ത് വകുപ്പിന്റെ 16 പാലങ്ങൾ

 48.69 കോടി രൂപയുടെ റോഡുകൾ