വൈക്കം : വൈക്കം - തവണക്കടവ് ജങ്കാർ സർവീസ് പുന:രാരംഭിക്കുന്നു. നഗരസഭയുടെ ജങ്കാർ ലേല ചരിത്രത്തിൽ ഏ​റ്റവും വലിയ നേട്ടവുമായാണ് കഴിഞ്ഞ ദിവസം നടന്ന ഓപ്പൺ ലേലത്തിൽ വേമ്പനാട് ഗ്റൂപ്പ് 12,00,400 രൂപയ്ക്ക് സർവീസ് നടത്തിപ്പ് ഏ​റ്റെടുത്തത്. കഴിഞ്ഞ ഒരു വർഷത്തോളമായി മുടങ്ങി കിടന്ന ജങ്കാർ സർവീസ് നവംബർ 1ന് കേരളപ്പിറവി ദിനത്തിൽ പുനരാരംഭിക്കുമെന്നും, നഗരസഭയുടെയും, പള്ളിപ്പുറം പഞ്ചായത്തിന്റെയും കൂട്ടായ പ്രവർത്തന ഫലമായാണ് ഇത് യാഥാർത്ഥ്യമായതെന്നും നഗരസഭ ചെയർപേഴ്‌സസൺ രേണുക രതീഷ്, വൈസ്‌ചെയർമാൻ പി.ടി.സുഭാഷ് എന്നിവർ അറിയിച്ചു. 1997ലാണ് വൈക്കം തവണക്കടവ് ജങ്കാർ സർവീസ് നിലവിൽ വന്നത്. നഗരസഭയും, പള്ളിപ്പുറം പഞ്ചായത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഫെറി സർവീസിന്റെ പ്രവർത്തനം. ജങ്കാർ പ്രവർത്തനം നിലച്ചതോടെ ടിക്ക​റ്റ് കൗണ്ടർ ഉൾപ്പെടെ കാടുകയറിയ നിലയിൽ ആയിരുന്നു. 2010 ൽ ശ്രീലത ബാലചന്ദ്രൻ ചെയർപേഴ്‌സണായിരുന്ന കോൺഗ്രസ് കൗൺസിലിന്റെ കാലത്താണ് ഇതിന് മുൻപ് വലിയ തുകയ്ക്ക് ജങ്കാർ ലേലം നടന്നത്. 10 ലക്ഷം രൂപയ്ക്കായിരുന്നു ലേലം. പക്ഷെ ആ ലേലത്തിൽ ജങ്കാർ നഗരസഭ വാടകയ്ക്ക് എടുത്ത് നൽകണമെന്നതായിരുന്നു വ്യവസ്ഥ. എട്ട് ലക്ഷം രൂപയോളം വാടകയിനത്തിൽ നഗരസഭയ്ക്ക് ചെലവായി. തുടർന്ന് മാസങ്ങൾക്കുള്ളിൽ ജങ്കാർ സർവീസ് നിലച്ചു. പിന്നീട് 2016ൽ എൻ. അനിൽ ബിശ്വാസ് ചെയർമാനായപ്പോഴാണ് സർവീസ് പുന:രാരംഭിച്ചത്.

അഷ്ടമിഅടുത്തു, ഏറെ അനുഗ്രഹം

കൊവിഡ് വ്യാപനത്തെ തുടർന്നാണ് വീണ്ടും സർവീസ് നിലച്ചത്. വൈക്കത്തഷ്ടമി എത്തിനിൽക്കെ ജനത്തിരക്ക് ഏറി വരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഏറെ സഹായകമാകും വൈക്കം - തവണക്കടവ് ജങ്കാർ സർവീസ്.

1997 : ജങ്കാർ സർവീസ് നിലവിൽ വന്നത്