പാലാ : നഗരസഭയിലെ പൊതു ടോയ്‌ലെറ്റുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി നഗരസഭ ഓഫീസിനുള്ളിൽ ക്ലോസെറ്റ് സ്ഥാപിച്ച് പ്രതിഷേധിച്ചു. അധികാരത്തിലേറി ആദ്യനാളുകളിൽ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലപറമ്പിലും നഗരസഭയിലെ പൊതു ടോയ്‌ലെറ്റുകൾ ശരിയാക്കുമെന്ന് ഉറപ്പുകൊടുത്തിരുന്നതാണ്. എന്നാൽ അധികാരത്തിലേറി ഒരു വർഷം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട ഒരു നടപടികളും കൈക്കൊണ്ടില്ല. മുൻപുണ്ടായിരുന്നതിനേക്കാൾ ശോചനീയാവസ്ഥയിലാണ് ഇപ്പോൾ ടോയ്‌ലെറ്റുകൾ. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ തയ്യാറാകാതെ തമ്മിൽ തല്ലുന്ന ഭരണകക്ഷികൾ ഈ വിഷയം ഗൗരവമായി ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് നഗരസഭ ഓഫീസിനുള്ളിൽ ക്ലോസറ്റ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചതെന്ന് പ്രസിഡന്റ് തോമസ് ആർ.വി പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. ബിജോയ് എബ്രഹാം, തോമസുകുട്ടി മുക്കാല, അജയ് നെടുമ്പാറ,ടോണി മാത്യു, അർജുൻ സാബു, ടോണി ചക്കാല, അലോഷി റോയ്, ബിജു മാത്യു, അമൽ ജോസ്, അലക്‌സ് ആന്റണി, ആൽബി റോയ്, കെനറ്റ് ജോസ്, വിഷ്ണു ബാബു എന്നിവർ സംസാരിച്ചു.