പാലാ : നെല്ലിയാനി - പേണ്ടാനംവയൽ റോഡിലെ ബസുകളുടെ മരണപ്പാച്ചിൽ അപകട ഭീഷണി ഉയർത്തുന്നു. പാലാ - വലവൂർ - ഉഴവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളാണ് ചെറുവാഹന യാത്രക്കാർക്കും ജനങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുന്നത്. സാധാരണക്കാരായ യാത്രക്കാർ ബസിൽ കയറാൻ ആശ്രയിക്കുന്ന 5 ബസ് സ്റ്റോപ്പുകളും 4 കിലോമീറ്റർ ദൂരവും ഒഴിവാക്കിയാണ് ബസുകളുടെ മരണപ്പാച്ചിൽ. പേണ്ടാനംവയൽ നെല്ലിയാനി റോഡിന്റെ വീതിക്കുറവും അനവധി വളവുകളുള്ളതും അപകട സാധ്യത വർധിപ്പിക്കുകയാണ്. എറണാകുളം, തൃശൂർ, പഞ്ചിക്കൽ തുടങ്ങിയ കെ.എസ്.ആർ.ടി.സി.യുടെ ഒട്ടേറെ അതിവേഗ ദീർഘദൂര സർവീസുകളാണ് ഇതുവഴി അമിതവേഗതയിൽ പായുന്നത്. നിരവധി മലബാർ പ്രൈവറ്റ് ബസുകളും വൈകുന്നേരങ്ങളിൽ ഇതു വഴി ഓടുന്നുണ്ട്. ഈ റോഡിലെ വലിയ വളവുകളിലെല്ലാം ഒരു ബസിനു സഞ്ചരിക്കാവുന്ന വീതിയേയുള്ളൂ. എതിർ ദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾ അപകടങ്ങിളിൽ നിന്ന് രക്ഷപെടുന്നത് തലനാരിഴയ്ക്കാണ്. ഇതുവഴി സർവീസ് നടത്തിക്കൊണ്ടിരുന്ന ആളുകൾക്ക് ഏറെ പ്രയോജനകരമായിരുന്ന ഓർഡിനറി ബസ് നിറുത്തലാക്കിയിരുന്നു.

യാത്രക്കാരില്ലാ റൂട്ട്

പാലാ - ഉഴവൂർ റൂട്ടിൽ സിവിൽ സ്റ്റേഷൻ, മുണ്ടുപാലം, ബോയ്‌സ് ടൗൺ, അല്ലപ്പാറ, കരുണാലയം തുടങ്ങിയ പ്രധാന ബസ് സ്റ്റോപ്പുകൾ ഒഴിവാക്കിയാണ് യാത്രക്കാരില്ലാത്ത നെല്ലിയാനി വഴിയുള്ള ബസുകളുടെ ഓട്ടം. ഒട്ടേറെ വളവുകളും വീതിക്കുറവുമുള്ള നെല്ലിയാനി വഴിയുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ ഓട്ടം സിവിൽ സ്റ്റേഷൻ വഴിയാക്കണമെന്ന് പാലാ പൗരാവകാശ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയി കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ഗുരുക്കൾ, ടി.കെ.ശശിധരൻ, കെ.എസ്.അജി, രാധാകൃഷ്ണൻ പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു.