കോട്ടയം : ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും കിടപ്പാടം നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് പുതിയ വീട് നിർമ്മിച്ചു നൽകാൻ സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി മന്ത്രി വി.എൻ.വാസവനും, ജില്ലാ സെക്രട്ടറി എ.വി റസ്സലും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏഴു ലക്ഷം രൂപയാണ് ഒരു വീടിന് ചെവലവ് പ്രതീക്ഷിക്കുന്നത്. ബഹുജന സഹകരണത്തോടെ പാർട്ടി ഘടകങ്ങളും വർഗ ബഹുജന സംഘടനകളും ഇതിനുള്ള പണം കണ്ടെത്തും. അർഹരായ 25 കുടുംബങ്ങളെ കണ്ടെത്തി വീട് നിർമ്മിച്ച് നൽകാനാണ് തീരുമാനം.ഇതിനായി ഉരുൾപൊട്ടൽ മേഖലയിലല്ലാത്ത സ്ഥലം കണ്ടെത്തും. മുന്നൂറോളം വീടുകൾ പൂർണ്ണമായും അഞ്ഞൂറിലേറെ വീടുകൾ ഭാഗികമായും തകർന്നു. ഒരു പുരുഷായുസ്സിലെ സമ്പാദ്യമാകെ മലവെള്ളപ്പാച്ചിൽ നഷ്ടപ്പെട്ടു. അവർക്ക് കൈത്താങ്ങേകാൻ ഈ നാടുണ്ടെന്ന പ്രഖ്യാപനമാണ് സി.പി.എം നടത്തുന്നത്. ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കൽ മേഖലയിൽ സർക്കാർ മെഷിനറി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചതായി മന്ത്രി വാസവൻ പറഞ്ഞു. പ്രതിപക്ഷം വെറുതെ രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയാണ്. അപകടസ്ഥലത്ത് നിന്ന് ആളുകളെ മാറ്റി. മുഴുവൻ മുതദേഹങ്ങളും ഒരു ദിവസത്തിനുള്ളിൽ കണ്ടെത്തി. നിരവധി ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു 2000 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഭക്ഷണവും വൈദ്യസഹായവും എല്ലാ ക്യാമ്പിലുമെത്തിച്ചു. വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസം റവന്യൂ സ്പെഷ്യൽ സ്ക്വാഡ് ചർച്ച ചെയ്യും. റേഷൻ കാർഡ് അടക്കം നഷ്ടപ്പെട്ടവർക്ക് ഡൂപ്ലിക്കേറ്റ് രേഖകൾ അടിയന്തിരമായി നൽകാൻ കളക്ടറേറ്റിൽ പ്രത്യേക കൗണ്ടർ തുറന്നു. അതി തീവ്ര മഴയോ മേഘവിസ്ഫോടനമോ ആണ് ഉരുൾപൊട്ടലിൽ ഇത്ര നാശമുണ്ടാകാൻ കാരണമായി കരുതുന്നത്. ഇതേക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുമെന്നും മന്ത്രി അറിയിച്ചു.