കോട്ടയം: എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് വനിതാ നേതാവിനെ കടന്നു പിടിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിൽ എതിർപരാതി നൽകി എസ്.എഫ്. ഐ.യുടെ പ്രതിരോധം. എ.ഐ.എസ്.എഫുകാർ തങ്ങളുടെ വനിതാ പ്രവർത്തകയെ കടന്നുപിടിയ്ക്കുകയും ഒരു പ്രവർത്തകനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തെന്ന് ആരോപിച്ച് എസ്.എഫ്.ഐ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പരാതിയിൽ ഏഴ് എ.ഐ.എസ്.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
എ.ഐ.എസ്.എഫ് വനിതാ നേതാവ് നൽകിയ പരാതിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു . അതേസമയം എ.ഐ.എസ്.എഫ് വനിതാ നേതാവ് നൽകിയ പരാതിയെ പ്രതിരോധിക്കാൻ മാത്രമാണ് എസ്.എഫ്.ഐയുടെ പരാതിയെന്ന് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി നന്ദു ജോസഫ് പറഞ്ഞു. തങ്ങൾക്ക് എസ്.എഫ്.ഐ പ്രവർത്തകരെ അധിക്ഷേപിക്കേണ്ട സാഹചര്യമില്ല. എ.ഐ.എസ്.എഫ് കേസ് കൊടുത്തതിനെ കൗണ്ടർ ചെയ്യാനാണ് എസ്.എഫ്. ഐ കേസ് നൽകിയിരിക്കുന്നത്. സാമാന്യബോധമുള്ള ആർക്കും മനസിലാകുന്ന കാര്യമാണിത്. തെറ്റാണ് സംഭവിച്ചതെന്ന് സമ്മതിക്കാൻ എസ്.എഫ്.ഐ നേതൃത്വം തയ്യാറാകുന്നില്ല. സർവകലാശാലയിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങളിൽ എല്ലാം വ്യക്തമാണ്. പ്രകോപനം ഉണ്ടാക്കുന്ന സാഹചര്യം എ.ഐ. എസ്. എഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രി ജി. ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫിൽപെട്ട കെ.എം അരുണിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നന്ദു പറഞ്ഞു.
അതേസമയം എ.ഐ.എസ്.എഫ് പ്രവർത്തക നൽകിയ പരാതിയിൽ അന്വേഷണം കോട്ടയം ഡിവൈ.എസ്.പി സന്തോഷ് കുമാറിന് കൈമാറി.
വിദ്യാർത്ഥികൾ തമ്മിലുള്ള ചെറിയ പ്രശ്നം
ഇത് വിദ്യാർത്ഥികൾ തമ്മിലുള്ള ചെറിയ ചെറിയ പ്രശ്നമാണ്. അത് കാര്യമായി എടുക്കുന്നില്ല, എ.ഐ.എസ്.എഫിന്റെ കേസും എസ്.എഫ്.ഐയുടെ കൗണ്ടർകേസും ഉണ്ട്. നമ്മൾ എന്തിനാണ് അതിൽ ഇടപെടുന്നത്.
- എ.വി. റസൽ, സി.പി.എം ജില്ലാ സെക്രട്ടറി
പാവങ്ങളെ തല്ലുന്ന പരിപാടി ഇല്ല
കൊടിയിൽ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നെഴുതി വച്ച് പാവപ്പെട്ട ചെറുപ്പക്കാരെ തല്ലുന്ന പരിപാടി എ.ഐ.എസ്.എഫിനില്ല. സേവനപ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്നവരാണ് ഈ ചെറുപ്പക്കാർ.
- അഡ്വ. വി. ബി ബിനു, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം