കോട്ടയം: എസ്.എഫ്.ഐ നേതാക്കൾ കടന്നു പിടിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതിനുപിന്നാലെ സോഷ്യൽ മീഡിയകളിലൂടെയും അപകീർത്തിപ്പെടുത്തുന്നതായി എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു പറഞ്ഞു. എസ്.എഫ്.ഐ, ഡിവൈ.എഫ്.ഐ നേതാക്കളാണ് ഇതിനു പിന്നിലെന്നും നിമിഷ പറഞ്ഞു. ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. എന്റെ നീതി വൈകുന്തോറും തന്നെ വളരെ മോശമായി ചിത്രീകരിക്കുകയാണ്. ഇക്കാര്യത്തിൽ കോട്ടയം എസ്.പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്താൻ കോട്ടയത്ത് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എറണാകുളം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ പോകാൻ സാധിച്ചില്ല. പരാതിയിൽമേൽ പറഞ്ഞ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും പ്രതികളിൽ ഒരാളെ ഒഴിവാക്കിയതായാണ് അറിഞ്ഞത്. സൈബർ ആക്രമണം സംബന്ധിച്ച് സൈബർ സെല്ലിലും വനിത കമ്മിഷനിലും പരാതി നല്കുമെന്നും നിമിഷ പറഞ്ഞു.