ചങ്ങനാശേരി : ചങ്ങനാശേരി നഗരസഭ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ ആരഭിച്ചെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിലവിലുള്ള സ്റ്റേഡിയം സന്ദർശിച്ചു. അഞ്ചു കോടി രൂപയാണ് നിർമാണ ചെലവ്. രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്‌ബോൾ ടർഫ് ആണ് ഇതിലെ മുഖ്യആകർഷണം. ഇതുകൂടാതെ നിലവിലുള്ള ഗാലറിക്ക് മുകളിൽ ടെൻസിൽ ഉപയോഗിച്ചുള്ള മേൽക്കൂര, വോളിബോൾ കോർട്ട് , ബാത്ത്‌റൂമുകൾ, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ഡ്രസിംഗ് റൂമുകൾ, ഡ്രൈനേജ് ഫെസിലിറ്റി തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. നഗരസഭ ചെയർപേഴ്‌സൺ സന്ധ്യ മനോജ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ബീന ജോബി, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ കുഞ്ഞുമോൾ സാബു, കായികവകുപ്പ് ചീഫ് എൻജിനിയർ കൃഷ്ണൻ ബി ടി വി, എക്‌സിക്യൂട്ടീവ് എൻജിനിയർ ആർ ബിജു, അസി.എൻജിനിയർ വി.അർജുൻ തുടങ്ങിയവർ എം.എൽ.എയോടൊപ്പം സ്റ്റേഡിയം സന്ദർശിച്ചു.