2

മുണ്ടക്കയം: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം മലയോരമേഖലയിൽ ഇന്നലെ കനത്ത മഴ പെയ്തു. ഉച്ചയോടെ തുടങ്ങിയ മഴ രാത്രിയോടെയാണ് ശമിച്ചത്. മഴ ജനങ്ങളെ വീണ്ടും ആശങ്കയിലാക്കി. കൂട്ടിക്കൽ കൊക്കയാർ മേഖല നെഞ്ചിടിപ്പോടെയാണ് ഈ മണിക്കൂറുകൾ കഴിച്ചുകൂട്ടിയത്. മഴ നിർത്താതെ പെയ്തതോടെ മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. വണ്ടൻപതാൽ മല്ലപ്പള്ളി കോളനിക്ക് സമീപതെ തേക്കിൻ കൂപ്പിൽ ചെറിയ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ദിവസങ്ങൾ മുമ്പുണ്ടായ പ്രളയത്തിൽ വണ്ടൻപതാൽ മേഖല സുരക്ഷിതമായിരുന്നു. അതുകൊണ്ടുതന്നെ മഴ തുടങ്ങിയപ്പോൾ പ്രദേശവാസികൾ വീടുകളിൽ തന്നെ കഴിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെയാണ് മല്ലപ്പള്ളി കോളനിയിൽ ഉരുൾപൊട്ടിയത്. വിവരമറിഞ്ഞ് ജനങ്ങൾ പരിഭ്രാന്തിയിലായി. നിമിഷങ്ങൾക്കുള്ളിൽ കലങ്ങിമറിഞ്ഞ് വെള്ളം പാഞ്ഞെത്തി വീടുകളിൽ കയറി തുടങ്ങി. അസംബനി തുറവാതുക്കൽ തോമസ്, താന്നിമൂട്ടിൽ കൊച്ചുമോൻ, ഹമീദ് എന്നിവരുടെ വീട്ടിൽ പൂർണമായി വെള്ളംകയറി. മുണ്ടക്കയം പഞ്ചായത്തിലെ 6,7,8,9 വാർഡുകളിൽ വ്യാപകമായി മഴവെള്ളം കുത്തിയൊലിച്ചെത്തി. മുണ്ടക്കയം, എരുമേലി സംസ്ഥാനപാതയിലെ കരിനിലത്ത് വെള്ളം കയറിയത് മൂലം ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കോരുത്തോട് - മുണ്ടക്കയം പാതയോരത്ത് താമസിക്കുന്ന ഗ്രാമപഞ്ചായത്തംഗം ഫൈസല്‍മോന്റെ വീട്ടില്‍ വെളളം കയറി. പാചകവാതക സിലിണ്ടര്‍ അടക്കമുളള വീട്ടുപകരണങ്ങള്‍ ഒലിച്ചുപോയി. സംഭവസമയത്ത് ഫൈസലിന്റെ ഭാര്യ നദീറയും മൂന്നു കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ കുടുങ്ങിയ ഇവര്‍ വാതില്‍തകര്‍ത്താണ് പുറത്തിറങ്ങിയത്. ചേരിപാറയില്‍ സനിലിന്റെ വീടിന്റെ ചുറ്റു മതില്‍ ഒഴുക്കില്‍ തകര്‍ന്നു. ഇലഞ്ഞിമറ്റം ജിനേഷ്,വെട്ടാപ്പാല സജി, ലത്തീഫ്, വെട്ടിമറ്റം ജെയിംസ്, മറ്റക്കര പാപ്പച്ചന്‍ എന്നിവരുടെ വീടുകളിലും വെള്ളം കയറി. നിരവധി വീടുകളുടെ ചുറ്റുമതിലും വെള്ളം കൊണ്ടുപോയി. മേഖലയിലെ മിക്ക റോഡുകളും കര കവിഞ്ഞൊഴുകി. ഉച്ചയോടെ പെയ്തിറങ്ങിയ മഴ ഏഴുമണിയോടെ ശമിച്ചപ്പോഴാണ് ആശ്വാസമായത്. മുണ്ടക്കയം പൊലീസും വണ്ടൻപതാൽനിന്നും ഫോറസ്റ്റ് അധികൃതരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

പത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും യാതൊരുവിധ ആശങ്കയ്ക്കും ഇടയില്ലെന്നും മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സിനിമോൾ തടത്തിൽ അറിയിച്ചു.