p

കോട്ടയം: കെ.എസ്.ആർ. ടി.സി ബസ് അപകടകരമാംവിധം വെള്ളക്കെട്ടിലിറക്കിയ സംഭവത്തിൽ ഡ്രൈവർ ജയദീപിനെതിരെ ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിന് ആർ.ടി. ഒ നൽകിയ പരാതിയിലാണിത്. കെ.എസ്.ആർ. ടി.സിക്ക് 5.33 ലക്ഷം രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്. വെള്ളം കയറി എൻജിൻ കേടായി. നന്നാക്കാൻ 3.5 ലക്ഷത്തോളം ചെലവ് വരും. 12000ത്തോളം രൂപ പ്രതിദിന കളക്ഷനുണ്ടായിരുന്ന ബസാണിത്. 15 ദിവസത്തെ കളക്ഷനും ചേർത്താണ് നഷ്ടപരിഹാരം ഈടാക്കുക.
കഴിഞ്ഞ ശനിയാഴ്ച പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് പകുതിയോളം മുങ്ങിയത്. യാത്രക്കാരെ നാട്ടുകാർ ചേർന്ന് പുറത്തെത്തിക്കുകയായിരുന്നു. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം ജയദീപിനെ സസ്‌പെന്റ് ചെയ്തിരുന്നു. ലൈസൻസ് സസ്‌പെന്റ് ചെയ്യാനും നടപടി ആരംഭിച്ചിട്ടുണ്ട്.

മാനേജ്‌മെന്റിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ഇയാൾ ഇട്ട പോസ്റ്റ് വിവാദമായിരുന്നു.