മുണ്ടക്കയം : ഇടിച്ചുകുത്തിയെത്തിയ ഉരുളിനൊപ്പം പകലന്തിയോളം വിയർപ്പൊഴുക്കി അദ്ധ്വാനിച്ച് പരിപാലിച്ച കൃഷിയിടങ്ങളും ഒലിച്ചുപോയതിന്റെ സങ്കടക്കടലിലാണ് കൂട്ടിക്കൽ ഇളംകാട് ടോപ്പ് 39 ലെ കർഷക സഹോദരങ്ങളായ എസ്.എൻ.വിയിൽ മോഹനനും, മധുവും, സുധാകരനുമെല്ലാം.
റബറും കാപ്പിയും കുരുമുളകും കവുങ്ങും കപ്പയുമൊക്കെ മൂടോടെ പിഴുതെറിയപ്പെട്ടതിനൊപ്പം കൃഷിഭൂമിയും ഒലിച്ചില്ലാതായത് വേദനയോടെ നോക്കി നിൽക്കേണ്ടിവന്നവരാണ് മലയോരത്തെ കർഷകർ. കൃഷിസ്ഥലങ്ങൾ തോടുപോലെയായി. ഉരുളെടുത്ത കൂട്ടിക്കൽ പഞ്ചായത്തിലെ മ്ളാക്കര, പ്ളാപ്പള്ളി, കാവാലി, ഇളംകാട് പ്രദേശങ്ങളിലും മലവെള്ളമെത്തിയ കോരുത്തോട്, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലുമായി ആയിരക്കണക്കിന് കർഷകരുടെ കൃഷി നശിച്ചു. കൃഷി നാശത്തേക്കാൾ വേദനാജനകം കൃഷിയിടങ്ങൾ ഒലിച്ചുപോയെന്നതാണ്. കാരാപ്ളാക്കൽ നാണപ്പനെയും പേരത്തുംമൂട്ടിൽ ജോസിനെയുമൊക്കെ പോലെ നിരവധിപ്പേർ പറമ്പുകൾ പൂർവ സ്ഥിതിയിലാക്കി എങ്ങനെ കൃഷി ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത അവസ്ഥയിലാണ്.
ഓൺലൈനിലെങ്ങനെ അപേക്ഷിക്കാൻ ?
ഇൻഷ്വറൻസുള്ള കർഷകർ 15 ദിവസത്തിനകവും ഇല്ലാത്തവർ 10 ദിവസത്തിനകവും നഷ്ടപരിഹാരത്തിനായി അപേക്ഷിക്കണം. വീടും രേഖകളുമെല്ലാം ഒലിച്ചു പോയി ക്യാമ്പിൽ കഴിയുന്ന കർഷകർ എങ്ങനെ ഓൺലൈനായി അപേക്ഷിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. വെള്ളം കയറി കാഞ്ഞിരപ്പള്ളി ബ്ളോക്കിലെ രണ്ട് കൃഷി ഭവനുകൾ പൂർണമായി നശിച്ചപ്പോൾ നാല് കൃഷി ഭവനുകളിലെ കമ്പ്യൂട്ടറുകളടക്കം മുഴുവൻ രേഖകളും നശിച്ചു. ഈ സാഹചര്യത്തിൽ കർഷകരുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കുമെന്നത് മറ്റൊരു വെല്ലുവിളി.
ഇതുവരെയുള്ള കണക്ക്
കൃഷി ഭൂമി ഒലിച്ചു പോയത് : 500 ഏക്കർ
കൃഷി നാശം : 6086 ഏക്കർ
കച്ചവടസ്ഥാപനങ്ങളുടെ നഷ്ടം : 70 കോടി
പൂഞ്ഞാർ മണ്ഡലത്തെ പൂർണമായും ഉരുൾപൊട്ടൽ ബാധിച്ചു. പ്രമാണങ്ങളും, ജീവനോപാധികളും, ആടുമാടുകളും എല്ലാം നഷ്ടപ്പെട്ടു. വെള്ളം കയറി വ്യാപാര സാമഗ്രികൾ നശിച്ചുപോയി. നാശനഷ്ടങ്ങൾ വിശദമായി മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, എം.എൽ.എ