കോട്ടയം: ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ഇടതുമുന്നണി നിലകൊള്ളുമ്പോൾ റിപ്പോർട്ട് നടപ്പാക്കണെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പ്രമേയം. കഴിഞ്ഞദിവസം നടന്ന ജില്ലാ സമ്മേളനത്തിലാണ് സെക്രട്ടറി എസ്.പി സുജിത് പ്രമേയം അവതരിപ്പിച്ചത്.

പരിസ്ഥിതി ലോല മേഖലകളിലെ ഉരുൾപൊട്ടലും പ്രളയത്തിന്റെയും പശ്ചാത്തലത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുക മാത്രമാണ് ഏക മാർഗമെന്ന് പ്രമേയം പറയുന്നു. ഗാഡ്ഗിലിന്റെ കണ്ടത്തലുകൾ അനുഭവങ്ങളായി മാറുകയാണ്. ഈ സാഹചര്യത്തിൽ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. പ്രമേയം സംസ്ഥാന സമ്മേളനം ചർച്ച ചെയ്യും. ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരായ സംസ്ഥാനത്താകെമാനം നടന്ന സമരത്തിൽ എ.ഐ.വൈ.എഫും മുൻപന്തിയിലുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം യുവജനപ്രസ്ഥാനത്തിന്റെ മനംമാറ്റം പ്രളയ പശ്ചാത്തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.

 സ്വയം വിമർശനം

എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് സംഘടനകൾക്ക് ശേഷിയില്ലെന്ന് ജില്ലാ സമ്മേളനത്തിൽ സ്വയം വിമർശനമുയർന്നു. എം.ജി.സർവകലാശാലയിൽ എസ്.എഫ്.ഐയുടെ മർദ്ദനം ഏറ്റുവാങ്ങിയിട്ടും എ.ഐ.എസ്.എഫിനെ സംരക്ഷിക്കാൻ സി.പി.ഐ നേതൃത്വവുമെത്തിയില്ല. പ്രതികരണ ശേഷിവരെ നഷ്ടപ്പെട്ട നിലയിലേയ്ക്ക് ഇരുസംഘടനകളും മാറിയെന്നും പ്രതിനിധികൾ വിമർശിച്ചു.