sfi-aisf

കോട്ടയം: എം.ജി സർവകലാശാലയിലെ എ.ഐ.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐ സംഘം മർദ്ദിച്ച സംഭവം എൽ.ഡി.എഫ് ജില്ലാ യോഗത്തിൽ ഉന്നയിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ. വിഷയം വിദ്യാർത്ഥി സംഘടനകൾ തമ്മിൽ പറഞ്ഞു തീർക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സി.പി.ഐ നേതൃത്വം നിർജീവമാണെന്ന വിമർശനം കഴിഞ്ഞ ദിവസം നടന്ന എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിൽ ഉയർന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം വിദ്യാർത്ഥി പ്രശ്‌നത്തിൽ ഇടപെടില്ലെന്നും സംഘടനകൾ തമ്മിൽ പറഞ്ഞു തീർക്കട്ടെയെന്നുമാണ് സി.പി.എം നിലപാട്.

 മൊഴി നൽകാൻ എത്തിയില്ല
മർദ്ദനം, ജാതി പറഞ്ഞ് അധിക്ഷേപിക്കൽ, മാനഭംഗ ഭീഷണി എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ എ.ഐ.എസ്.എഫും എസ്.എഫ്.ഐയും പരസ്പരം നൽകിയിട്ടുണ്ടെങ്കിലും പൊലീസിന് മുന്നിൽ മൊഴി നൽകാൻ ഇന്നലെ ഇരു വിഭാഗവും എത്തിയില്ല. എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. എ.ഐ.എസ്.എഫിന്റെ വനിതാ നേതാവും എത്തിയില്ല. ആക്രമിച്ചുവെന്നും വനിതാ നേതാവിനെതിരെ മാനഭംഗ ഭീഷണി മുഴക്കിയെന്നുമുള്ള എ.ഐ.എസ്.എഫ് പരാതിയിൽ 7 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. ഒരു വനിതാ നേതാവിനെ കടന്നു പിടിച്ചു, ജാതീയമായി അധിക്ഷേപിച്ചു എന്നീ ആരോപണങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐയും പൊലീസിൽ പരാതി നൽകിയിരുന്നു.

''

എറണാകുളത്ത് ചികിത്സയിലായതിനാൽ മൊഴി നൽകാൻ എത്താനാവില്ലെന്ന് ഇന്നലെ എ.ഐ.എസ്.എഫിന്റെ വനിതാ നേതാവ് അറിയിച്ചിരുന്നു. ഇവിടേയ്ക്ക് വരാൻ അസൗകര്യമുണ്ടെങ്കിൽ അങ്ങോട്ട് പോയി മൊഴി രേഖപ്പെടുത്തും.

- ജെ.സന്തോഷ് കുമാർ, ഡിവൈ.എസ്.പി