camp

കോട്ടയം: പ്രളയം തകർത്ത കൂട്ടിക്കലിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ സഹായം വൈകുമ്പോഴും സഹായവാഗ്ദാനവുമായി നിരവധി പേരെത്തുന്നുണ്ട്. എന്നാൽ സ്ഥലത്തിന്റെ അപര്യാപ്തതയാണ് പ്രശ്നമാകുന്നത്. രാഷ്ട്രീയപാർട്ടികൾ, വിവിധ സാമുദായിക സംഘടനകൾ, സന്നദ്ധ സംഘടനകൾ, പ്രവാസികൾ എന്നിവ‌ർ ഇതിനോടകം വീടുകൾ വച്ചുനൽകാമെന്ന വാഗ്ദാനം കൂട്ടിക്കൽ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്.

പുല്ലകയാറിന്റെ തീരത്തെ പുറമ്പോക്കിൽ കഴിഞ്ഞവരാണ് പൂർണമായും വീട് നഷ്ടപ്പെട്ടവരിലേറെയും. പുറമ്പോക്കായതിനാൽ ഇവർക്ക് സർക്കാർ സഹായവും ലഭിക്കില്ല. ആറ്റുതീരത്തെ വീടുകളിലെ പലർക്കും ആകെയുണ്ടായിരുന്നത് കൈവശ രേഖ മാത്രമാണ്. പുതിയ ഒരു വീട് വയ്ക്കുന്നതിന് ഈ രേഖ കൊണ്ടു മാത്രം കാര്യമില്ല. ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീടുകളും നശിച്ചിട്ടുണ്ട്. ഇനി പുതുതായി വീട് വയ്ക്കുമ്പോൾ വെള്ളപ്പൊക്കത്തിൽ ബാധിക്കാത്തിടത്താവണമെന്ന ആഗ്രഹമാണ് എല്ലാവർക്കും. ഇതിന് പറ്റിയ സ്ഥലമാണ് അന്വേഷിക്കുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് തിരിച്ചു മടങ്ങാൻ യാതൊരു സാഹചര്യവുമില്ല. പ്രദേശത്ത് വാടക വീടുകളും കിട്ടാനില്ല.

 സൗജന്യമായി ആവശ്യപ്പെടും

ഏക്കറു കണക്കിന് സ്ഥലങ്ങളുള്ളവരോട് വീട് വയ്ക്കാൻ അഞ്ച് സെന്റ് എങ്കിലും സൗജന്യമായി നൽകുമോയെന്ന് ചോദിക്കാനാണ് പഞ്ചായത്തിന്റെ ആലോചന. സർവകക്ഷിയോഗം വിളിച്ച് ഇക്കാര്യം തീരുമാനിക്കാനൊരുങ്ങുകയാണ് . ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗതീരുമാനം വരുന്നതിന് പിന്നാലെ പഞ്ചായത്തും നടപടികളിലേക്ക് കടക്കും. അപ്പോഴേയ്ക്കും ശുചീകരണ പ്രവർത്തനങ്ങളും ഏറെക്കുറെ പൂർത്തിയാക്കാനാകും.

വെല്ലുവിളികൾ

 പുതിയ വീട് ഉരുൾ ഭീഷണിയുള്ളിടത്തോ വെള്ളംകയറുന്നിടത്തോ പറ്റില്ല

 ഈ രണ്ട് വെല്ലുവിളികളുമില്ലാത്ത സ്ഥലം കണ്ടെത്തുകയാണ് പ്രധാനം

 ടൗണിൽ താമസിച്ചിരുന്നവർക്ക് ഉൾപ്രദേശത്തേക്ക് മാറാനും ബുദ്ധിമുട്ട്

'' കൂട്ടിക്കലിനെ സഹായിക്കാൻ നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്. ഇവരെല്ലാം വീട് വച്ചു നൽകാൻ ഒരുക്കമാണ്. പഞ്ചായത്തിൽ ഒട്ടനവധി സ്ഥലങ്ങൾ അനുയോജ്യമായതുണ്ടെങ്കിലും വ്യക്തികളുടെ പക്കലാണ്. ഈ സാഹചര്യത്തിൽ കൂട്ടിക്കലിന്റെ അതിജീവനത്തിനായി എല്ലാവരും സഹായിക്കുമെന്നാണ് പ്രതീക്ഷ''

- പി.എസ്. സജി, പഞ്ചായത്ത് പ്രസിഡന്റ്

വീടുകൾ

 പൂർണമായും നശിച്ചവ 100

 ഭാഗീകമായി നശിച്ചവ 400