blade1

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വീണ്ടും ബ്ലേഡ് മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം. പാമ്പാടിയിൽ നിന്നും തലയോലപ്പറമ്പിൽ നിന്നുമാണ് മാഫിയ സംഘത്തിനെതിരെ പരാതി ഉയർന്നത്. പാമ്പാടി സ്വദേശിയുടെ കാറും , തലയോലപ്പറമ്പ് സ്വദേശിയുടെ ആധാരവും ബ്ലേഡ് മാഫിയ കൈവശപ്പെടുത്തി. ഏറ്റുമാനൂർ സ്വദേശിയായ പലിശക്കാരനെതിരെയാണ് പാമ്പാടി, തലയോലപ്പറമ്പ് സ്വദേശികളായ വീട്ടമ്മമാർ ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയ്ക്ക് പരാതി നൽകിയിരിക്കുന്നത്.

തലയോലപ്പറമ്പ് സ്വദേശിയായ വീട്ടമ്മ രണ്ടു ലക്ഷം രൂപയാണ് ഏറ്റുമാനൂരിലെ ബ്ലേഡ് സംഘത്തിൽ നിന്നു വായ്പയെടുത്തത്. ഇതിനായി ആറു സെന്റ് സ്ഥലത്തിന്റെ ആധാരമാണ് ഈടു നൽകിയത്. രണ്ടു ലക്ഷം രൂപയ്ക്ക് പകരം 1.75 ലക്ഷം രൂപയേ നൽകിയുള്ളൂ. 25000 രൂപ പലിശയായി ആദ്യം തന്നെ ഈടാക്കി. തുടർന്ന് പല തവണയായി രണ്ടരലക്ഷത്തോളം രൂപ തിരികെ വാങ്ങിയെടുത്തു. എന്നിട്ടും വസ്തു തിരികെ എഴുതി നൽകാൻ തയ്യാറായില്ലെന്ന് തലയോലപ്പറമ്പ് സ്വദേശിനി പരാതിയിൽ പറയുന്നു. ബുദ്ധിമാന്ദ്യമുള്ള മക്കളുടെ ചികിത്സയ്ക്കായാണ് വീട്ടമ്മ പണം വാങ്ങിയത്.

പാമ്പാടിയിലെ മിനറൽ വാട്ടർ കമ്പനി ഉടമയായ വീട്ടമ്മയ്ക്ക് മാരുതി സ്വിഫ്റ്റ് കാറാണ് മാഫിയ സംഘത്തിന്റെ ചതിയിൽ പെട്ട് നഷ്ടമായത്. രണ്ടു ലക്ഷം രൂപയ്ക്കാണ് ഇവർ കാർ പണയം വച്ചത്. എന്നാൽ 1.60 ലക്ഷം രൂപയേ പലിശ കഴിച്ച് നൽകിയുള്ളൂ. പലതവണയായി 80 ദിവസം കൊണ്ട് 3.20 ലക്ഷം രൂപ അടച്ചിട്ടും കാർ തിരികെ കൊടുക്കാൻ ബ്ലേഡ് സംഘം തയ്യാറായില്ല.

ഒരിടവേളയ്ക്കു ശേഷം ഏറ്റുമാനൂരിൽ വീണ്ടും ബ്ലേഡ് മാഫിയ സംഘം സജീവമാകുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഈ സാഹചര്യത്തിൽ ബ്ലേഡ് മാഫിയ സംഘങ്ങൾക്ക് എതിരെ പൊലീസ് നടപടി കർശനമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ബ്ളേഡ് മാഫിയ തട്ടിയത്

 പാമ്പാടി സ്വദേശിനി വീട്ടമ്മയുടെ മാരുതി സ്വിഫ്റ്റ് കാർ

 തലയോലപ്പറമ്പ് സ്വദേശിനിയുടെ ആറു സെന്റ് സ്ഥലം

എടുത്തത് 1.60 ലക്ഷം,

അടച്ചത് 3.20 ലക്ഷം