പാലാ: കൂട്ടിക്കൽ ദുരന്തബാധിതർക്കായി സമഭാവന വാട്‌സാപ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ശേഖരിച്ച അൻപതിനായിരത്തോളം രൂപയുടെ വസ്ത്രങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും കൂട്ടിക്കൽ സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ ക്യാമ്പിൽ സമർപ്പിച്ചു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ വി.എസ്. കൃഷ്ണകുമാർ, അഞ്ജലി ജേക്കബ് എന്നിവർ ചേർന്ന് സാധന സാമഗ്രികൾ ഏറ്റുവാങ്ങി.
സമഭാവന ഗ്രൂപ്പ് ആവിഷ്‌കരിച്ച 'കൂട്ടിക്കലെ കൂട്ടുകാർക്കൊരു കൈത്താങ്ങ് ' എന്ന പദ്ധതിപ്രകാരമാണ് പുതുവസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും സമാഹരിച്ചത്. സമഭാവന പ്രതിനിധികളായ ഇ.കെ രാജൻ ഈട്ടിക്കൽ, രവീന്ദ്രൻ കൊമ്പനാൽ, കുമാരി മല്ലികശ്ശേരി, മായ ഹരിദാസ്, സുജിത വിനോദ്, ഹരിദാസ് കർത്താനക്കുഴിയിൽ, യദു വിനോദ് എന്നിവർ ചേർന്നാണ് ദുരിതാശ്വാസ സാധനസാമഗ്രികൾ കൂട്ടിക്കലിലെത്തിച്ചത്. കേവലം 63 അംഗങ്ങൾ മാത്രമുള്ള ഒരു വാട്‌സാപ് ഗ്രൂപ്പ് ഇത്രയധികം സാധനങ്ങൾ ശേഖരിച്ച് നൽകിയതിനെ ജനപ്രതിനിധികൾ അഭിനന്ദിച്ചു.