കോട്ടയം: ഇടവേളയ്ക്ക് ശേഷം ഉണർവിലായ ടൂറിസം സീസണും കഴിഞ്ഞ ആഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. പൂജാ അവധി ആഘോഷത്തിനുൾപ്പെടെ വലിയ രീതിയിലുള്ള ബുക്കിംഗുകളാണ് ഹൗസ് ബോട്ടുകൾക്കും റിസോർട്ടുകളിലും ലഭിച്ചതെങ്കിലും മലയോരത്തുണ്ടായ ഉരുൾ പൊട്ടലും പ്രളയവും മേഖലയെ വീണ്ടും തരിപ്പണമാക്കി. ഇനി ദീപാവലിയിലാണ് സംരംഭകരുടെ പ്രതീക്ഷ.
പൂജാ അവധിയോടെ മേഖല സമ്പൂർണമായി ഉണർന്നിരുന്നു. ആഭ്യന്തര, ഉത്തരേന്ത്യൻ സഞ്ചാരികൾ കൂടുതലായി എത്തുകയും ചെയ്തു.
എന്നാൽ കൂട്ടിക്കൽ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ യാത്ര ചെയ്യാൻ വിനോദ സഞ്ചാരികൾക്ക് പേടിയാണ്. മലയോര മേഖലകളിലെ ടൂറിസം സെന്ററുകൾ അടയ്ക്കുകയും ചെയ്തു. നിരവധി ബുക്കിംഗുകളാണ് ഈ ആഴ്ച റദ്ദു ചെയ്തത്. മുൻകൂർ പണം അടച്ചവരിൽ ചെറിയ ശതമാനം ആളുകൾ മാത്രം കഴിഞ്ഞ ദിവസം കുമരകത്തെത്തി.
നഷ്ടമായത് കൂടുതലും പാക്കേജ് ടൂറുകൾ
വിമാനത്താവളത്തിൽ നിന്ന് കുമരകം, തേക്കടി വഴി മൂന്നാറിനുള്ള പാക്കേജ് ടൂറുകളാണ് റദ്ദായതിൽ ഏറെയും. ഉത്തരേന്ത്യൻ സഞ്ചാരികൾ പ്രളയ ഭീതിയിൽ വരാൻ മടിക്കുന്നു. മലബാറിൽ നിന്നുള്ള യാത്രക്കാർ മഴയും മറ്റ് മുൻകരുതലും കാരണം യാത്ര റദ്ദാക്കി. അന്യ സംസ്ഥാനക്കാരേക്കാൾ അധികമായി മലബാർ മേഖലയിൽ നിന്നുള്ള ബുക്കിംഗുകളാണ് ഉണ്ടായിരുന്നത്. പ്രളയ സമാനമായ അന്തരീക്ഷം വടക്കൻ ജില്ലകളെയും കാര്യമായി ബാധിച്ചതോടെ പലരും യാത്രകളിൽ നിന്ന് പിന്മാറി. ഇത് മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മലയോര മേഖലയിൽ ടൂറിസം സ്പോട്ടുകൾ അടച്ചെങ്കിലും ഇക്കുറി കുമരകത്ത് പ്രളയം കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചതുമില്ല
പ്രശ്നമായത്
ഉരുൾ പൊട്ടലും വെള്ളപ്പൊക്ക ദുരന്തവും
മഴമൂലമുള്ള അലർട്ടുകളും ജാഗ്രതയും
മലയോര ടൂറിസം കേന്ദ്രങ്ങൾ അടച്ചത്
'' ഇനി ദീപാവലിയിലാണ് പ്രതീക്ഷ. കാലാവസ്ഥ അനുകൂലമെങ്കിൽ നഷ്ടമായത് തിരിച്ചുപിടിക്കാം. ഹൗസ് ബോട്ടുകളുടെ ബുക്കിംഗുകളും റദ്ദായിട്ടുണ്ട്''
- ഷനോജ്, ടൂറിസം സംരംഭകൻ