പാറമട ലോബിയുമായി ഒരു ബന്ധവുമില്ലാത്ത എത്ര രാഷ്ട്രീയ, ഉദ്യോഗസ്ഥ ,സമുദായ നേതാക്കൾ കേരളത്തിലുണ്ടെന്ന് ചോദിച്ചാൽ ഞാനില്ലെന്ന് നെഞ്ചിൽ കൈവെച്ചു പറയാൻ തന്റേടമുള്ളവർ കുറവാണ്. എന്ന് ,എവിടെ ഉരുൾപൊട്ടലോ പ്രകൃതി ദുരന്തമോ ഉണ്ടായാൽ ആദ്യം കിടക്കപൊറുതിയില്ലാതെ വരുന്നത് പാറമടക്കാർക്കാണ് . കോട്ടയത്ത് മുണ്ടക്കയം കൂട്ടിക്കലും ഇടുക്കി കൊക്കയാറിലുമുണ്ടായ ഉരുൾ പൊട്ടലിലും ആദ്യം പ്രതിസ്ഥാനത്തു വന്നത് പാറമടക്കാരാണ്.
പൂഞ്ഞാറിലെ പാറമടയുമായി ആർക്കൊക്കെ ബന്ധമെന്നത് ഗവേഷണം നടത്തേണ്ട വിഷയമാണ്. കൂട്ടിക്കൽ ഉരുൾപൊട്ടലിന് പിന്നാലെ പൂഞ്ഞാർ ആശാനായ പി.സി.ജോർജിന് പാറമടയുമായി ബന്ധമുണ്ടെന്ന് പഴയ ശിഷ്യൻ കൂടിയായ സെബാസ്റ്റ്യൻ കുളത്തുങ്കൽ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആദ്യം വെച്ചു കാച്ചി. കുളത്തുങ്കൽ അടക്കമുള്ള സർക്കാർ മെഷിനറി കൂട്ടിക്കലിൽ പരാജയപ്പെട്ടെന്ന് പ്രസ്താവന ഇറക്കിയതിലുള്ള ചൊരുക്കായിരുന്നു കാരണം. ഏതായാലും സംഗതി ഇരുവരും തമ്മിലുള്ള യുദ്ധമായി മാറി. "ആരാണ് പാറമട നടത്തി കുടവയർ വീർപ്പിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു' കുളത്തുങ്കലിന്റെ വിമർശനം. ഉത്സവപറമ്പിലെ പോക്കറ്റടിക്കാരൻ, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങിയ വിശേഷണങ്ങളും ചാർത്തിയതോടെ ജോർജും മകൻ ഷോൺ ജോർജും കുളത്തുങ്കലിനെതിരെ രംഗത്തു വന്നു. ജില്ലാ പഞ്ചായത്തംഗം കൂടിയായ ഷോൺ ഫേസ് ബുക്കിലൂടെ പാറമടക്കാരന്റെ ജീപ്പിനെയും കുളത്തുങ്കലിനെയും ട്രോളി. പാറമടക്കാന്റെ ജീപ്പ് എം.എൽ.എ ബോർഡ് വെച്ച് കുളത്തുങ്കൽ ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണം പി.സി.ജോർജ് കോട്ടയത്ത് പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ചു. മുഖം മോശമായതിനെ കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് കാര്യമില്ലെന്നു കൂടി ഉപദേശിച്ച ജോർജിന്റെ നാക്കിൽ ഗുളികൻ കയറി പഴയ ഫോമിൽ എത്താതിരുന്നത് എന്തു കൊണ്ടെന്നായിരുന്നു കോട്ടയത്തെ മാദ്ധ്യമ പ്രവർത്തകരുടെ സംശയം. പാറമടക്കാരന്റെ ജീപ്പ് ഉപയോഗിച്ചുവെന്ന ജോർജിന്റെ ആരോപണം കുളത്തുങ്കൽ അംഗീകരിച്ചുവെന്നതാണ് ശ്രദ്ധേയം. ഇതിന് ന്യായീകരണവും ഉണ്ടായി ഉരുൾ പൊട്ടൽ ഉണ്ടായപ്പോൾ പെട്ടെന്ന് സംഭവ സ്ഥലത്ത് എത്താൻ എം.എൽ.എ ബോർഡ് വെച്ച് പഴയ പറമടക്കാരന്റെ ജീപ്പ് ഉപയോഗിച്ചുവെന്നതായിരുന്നു ന്യായീകരണം. പൂഞ്ഞാർ മണ്ഡലത്തിൽ പണ്ട് പാറമട ഉണ്ടായിരുന്നുവെന്നത് ശരിയാണ് അതു എട്ടു കൊല്ലം മുമ്പ് വിറ്റുവെന്ന് ആണയിട്ട ജോർജ് മണ്ഡലത്തിലെ എട്ടുപാറമടകളിൽ ആറും പൂട്ടിച്ചത് താനാണെന്നും അവകാശപ്പെട്ടു. ഇരുവരും തമ്മിലുള്ള പാറമട ബന്ധ വിവാദം ഉടനെങ്ങും തീരുമെന്ന് തോന്നുന്നില്ല. ഏതൊക്കെ ലെവലിൽ എത്തുമെന്ന് മാത്രം ഇനി നോക്കിയൽ മതി.
രാഷ്ട്രീയക്കാർക്കു മാത്രമല്ല ഉന്നത ഉദ്യോഗസ്ഥർക്കും ഉള്ള പാറമട ബന്ധം നാട്ടിൽ പാട്ടാണ് .കോട്ടയത്തെ ഒരു ജിയോളജിസ്റ്റ് പാറമടക്കാരുടെ ആശ്രിത വത്സലനാണ്. അടച്ചു പൂട്ടിയ പാറമട വരെ തുറന്നു പ്രവർത്തിപ്പിച്ചു കൊടുക്കും. ഒരു ലോഡ് കരിങ്കല്ലിനും മണ്ണിനും പാസ് ലഭിക്കാൻ മിനിമം 1000 രൂപ വാങ്ങുന്ന ജിയോളജിസ്റ്റ് പാറമട പ്രവർത്തനത്തിന് ലക്ഷങ്ങളാണ് പാക്കേജായി വാങ്ങുന്നത്. കളക്ടർക്ക് വരെ നിരവധി പരാതി ലഭിച്ചപ്പോൾ വിജിലൻസ് റെയ്ഡ് നടത്തി. ഒന്നും കണ്ടെത്തിയില്ലെന്നു മാത്രം . മൊബൈലോ വാച്ചോ (സ്മാർട്ട് വാച്ചെന്ന പേടികാരണം ) വരെ മാറ്റിവെപ്പിച്ചിട്ട് കാശു നേരിട്ട് വാങ്ങാത്ത വിദ്യ സ്ഥിരം കലാപരിപാടി ആക്കിയാൽ വിജിലൻസ് അല്ല ആര് റെയ്ഡ് നടത്തിയാലും എന്തു കിട്ടാൻ. ഈ പ്രകൃതി സ്നേഹിയെ സ്ഥലം മാറ്റാൻ മന്ത്രി തന്നെ ഇടപെട്ടിട്ടും അതുക്കും മേലെ പിടിപാടുമായി കച്ചവടം നിർബാധം തുടരുകയാണെന്നാണ് ഒടുവിൽ കിട്ടിയ വാർത്ത. !..