കോട്ടയം: ഓർത്തഡോക്‌സ് സഭാ തലവൻ കാതോലിക്കാ ബാവയെയും മറ്റു ഉന്നത സഭാ സ്ഥാനികളെയും പ്രതിചേർത്ത് നൽകിയിട്ടുള്ള സ്വകാര്യ അന്യായം സഭയെയും സഭാസ്ഥാനികളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌കോറസ് മെത്രാപ്പൊലീത്ത പറഞ്ഞു. 2018ൽ കാലംചെയ്ത തോമസ് മാർ അത്താനാസിയോസിന്റെ മരണം സംബന്ധിച്ച് അന്നുതന്നെ പൊലീസ് അന്വേഷിക്കുകയും അപകടമരണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതാണ്. പൊലീസ് അന്വേഷണം സഭ സ്വാഗതം ചെയ്യുന്നു. കൃത്യമായി നിയമങ്ങൾ പാലിച്ച് ഭരണം നടത്തിവരുന്ന ഒരു സഭയെ സമൂഹമദ്ധ്യത്തിൽ കരിതേച്ചു കാണിക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണ് ഈ കേസെന്ന് അദ്ദേഹം പറഞ്ഞു.