അടിമാലി: ദേശീയ പാതയിൽ ചീയപ്പാറയ്ക്ക് സമീപം റോഡിന്റെ ഫില്ലിംഗ് സൈഡ് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ . റോഡരുക് കാട് കയറി കിടക്കുന്നതിനാൽ അടുത്ത് വരുമ്പോൾ മാത്രമാണ് ഡ്രൈവർക്ക് അപകടം അറിയാൻ കഴിയും. കഴിഞ്ഞ 6 മാസക്കാലമായി റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിൽ തുടരുകയാണ്. ദിനംപ്രതി നൂറ്കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴാണ് അപകടം കൂടുതലായും സംഭവിക്കുക. റോഡുമായി മുൻപരിചയമില്ലാത്തവർ പലപ്പോഴും അപകടത്തെ തരണംചെയ്തത് ഭാഗ്യംകൊണ്ട് മാത്രമാണ്. അപകട മുന്നറിയപ്പ് ബോർഡ് പോലും സ്ഥാപിക്കാൻ ദേശീയ പാത അധികൃതർ തയ്യാറായിട്ടില്ല. കൂടാതെ റോഡ് സൈഡിലെ കാട് നീക്കം ചെയ്യാത്തതിനാൽ വളവുകളിൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത തരത്തിൽ വളർന്ന് നിൽക്കുകയാണ്. ഈ ഭാഗത്തെ അപകടം മനസ്സിലാക്കിയ ഹൈവേ പൊലീസ് എസ്.ഐ കെ.ഡി. മണിയന്റെ നേതൃത്വത്തിൽ അപകട മുന്നറിയിപ്പ് കൊടുക്കുന്നതിനായി തടിക്കക്ഷണങ്ങൾ വെച്ചും കൊടി തോരണങ്ങൾ വലിച്ചു കെട്ടി അപകട മുന്നറിയിപ്പു നൽകുന്നതിനുള്ള നടപടി തൽക്കാലം സ്വീകരിച്ചുദേശിയ പാത അധികൃതർ അടിയന്തിരമായി ഇടിഞ്ഞ് പോയിട്ടുള്ള ഭാഗത്ത് സംരക്ഷണഭിത്തി കെട്ടണമെന്ന ആവശ്യം ശക്തമായി.