kuzhi

ചങ്ങനാശേരി: നഗരത്തിലെത്തുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക് റോഡിൽ കുഴിയുണ്ട് സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് നൽകേണ്ടുന്ന സ്ഥിതിയാണ്. ചങ്ങനാശേരി നഗരമധ്യം കുഴികളാൽ നിറഞ്ഞിരിക്കുകയാണ്. എം.സി റോഡിൽ മുൻസിപ്പൽ ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെയാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുൻവശത്തായി അപകടക്കെണിയൊരുക്കിയ കുഴി വീണ്ടും രൂപപ്പെട്ടു. അടുത്തകാലത്താണ് കുഴി മണ്ണിട്ടു മൂടി ടാർ ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയെ തുടർന്നാണ് മൂടിയ കുഴി വീണ്ടും രൂപപ്പെട്ടത്. കൂടാതെ, കുഴികളുടെ എണ്ണവും കൂടി. ദിനം പ്രതി നൂറ് കണക്കിന് വാഹനങ്ങളും ബസുകളും കടന്നു പോകുന്ന പ്രധാന റോഡാണിത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നു പോകുന്ന ഭാഗമായതിനാൽ, പമ്പിംഗ് പവർ കൂടുമ്പോൾ പൈപ്പ് ലൈൻ പൊട്ടി വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നത് പതിവായിരുന്നു. ഇരുവശങ്ങളിൽ നിന്നും വരുന്ന ബസുകൾ ഇറങ്ങിപ്പോകുന്ന പ്രധാന കവാടത്തിനു മുൻപിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഡിപ്പോയിൽ നിന്ന് ഇറങ്ങി വരുന്ന വാഹനങ്ങൾ കുഴിയിൽ ചാടുന്നത് യാത്രക്കാരിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. എം.സി റോഡിന്റെ പ്രധാന ഭാഗമായ ഇവിടെ റോഡിന്റെ ഒരുഭാഗം കുഴി കവർന്നെടുത്തിരിക്കുകയാണ്. കോട്ടയം ഭാഗത്തേയ്ക്ക് പോകുന്നതിനായി എത്തുന്ന വാഹനങ്ങൾ കുഴിയിൽ ചാടാതിരിക്കുന്നതിനായി മറുവശത്തേയ്ക്ക് കടന്നാണ് പോകുന്നത്. രാത്രി കാലങ്ങളിൽ കുഴി അറിയാതെ എത്തുന്ന ഇരുചക്രവാഹനയാത്രികർ കുഴിയിൽ അകപ്പെടുകയും അപകടത്തിന് ഇടയാക്കുകയും ചെയ്യുന്നു. നഗരസഭ കാര്യാലയത്തിനു മുന്നിലാണ് മറ്റൊരു കുഴി രൂപപ്പെട്ടിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ്‌ലൈൻ കടന്നു പോകുന്നതിനാൽ പമ്പിംഗ് പവർ കൂടി വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നത് ഇവിടെയും പതിവാണ്. പഴയപള്ളിക്ക് മുൻവശത്തെ റോഡിൽ റോഡിന്റെ ടാറിംഗ് ഇളകിയതിനാൽ ചെറു വാഹനങ്ങൾ കടന്നു പോകുമ്പോൾ തെന്നി നിയന്ത്രണം വിട്ട് അപകടത്തിന് ഇടയാക്കുന്നു. കുഴി അടച്ച് റോഡ് കൃത്യമായി റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന യാത്രക്കാരുടെയും നഗരവാസികളുടെയും ആവശ്യം ശക്തമാകുന്നു.