കോട്ടയം : പതിനൊന്ന് വയസുള്ള മകളെ മുത്തച്ഛന്റെ പ്രായമുള്ളയാൾ നിരന്തരം ഉപദ്രവിച്ചെന്ന സത്യം ഉൾക്കൊള്ളുന്നതിനിടെ ആ പാവം പിതാവിനെ ഉലച്ചുകളഞ്ഞത് സമൂഹം കാട്ടിയ ക്രൂരതയാണ്. ചേർത്തുപിടിക്കേണ്ട സമൂഹം ഒറ്റപ്പെടുത്തുകയും നിർദ്ദയം പരിഹസിക്കുകയും ചെയ്തപ്പോൾ മരണമാണ് ഏറ്റവും നല്ലവഴിയെന്ന് ആ പിതാവ് മനസിനെ പറഞ്ഞ് പഠിപ്പിച്ചു. ഒടുവിൽ ഒരു മുഴംകയറിൽ ജീവനൊടുക്കിയപ്പോൾ അടിയേറ്റത് നമ്മുടെ കപട പ്രബുദ്ധയുടെ മുഖത്തേയ്ക്ക് കൂടിയാണ്. സമ്പൂർണ സാക്ഷരരെന്ന് അവകാശപ്പെടുന്ന നമ്മുടെ മന:സാക്ഷിയ്ക്ക് എന്താണ് സംഭവിക്കുന്നത് ? വിവിധ മേഖകളിലുള്ളവർ പ്രതികരിക്കുന്നു.
പെൺകുട്ടിയോട് കുറ്റവാളി ചെയ്തതിലും വലിയ തെറ്റാണ് അവളെ, അവളുടെ കുടുംബത്തെ, പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും വഴി സമൂഹം ചെയ്തത്. ഇങ്ങനെയൊരു ദുരനുഭവത്തിൽ നിന്ന് അവൾക്ക് കരകയറാൻ ഒപ്പം നിൽക്കേണ്ട സമൂഹം ആ കുടംബത്തെ അനാഥത്വത്തിലേയ്ക്ക് തള്ളിവിട്ടു. പിതാവിനെ നഷ്ടപ്പെട്ടത്തിലൂടെ നികത്താനാവാത്ത നഷ്ടം കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നു. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സമൂഹത്തിന് ഒഴിഞ്ഞുമാറാനാവില്ല
പി.എസ്.ലക്ഷമി, അസി.പ്രൊഫസർ, ഇംഗ്ളീഷ് വിഭാഗം ഗവ.പോളിടെക്നിക് കോളേജ് പാല.
ഇത് അസാധാരണ സംഭവമാണ്. ഇരയുടെ പിതാവിനെ അപമാനിച്ചവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുന്നതിൽ തെറ്റില്ല. നിയമ ജീവിതത്തിൽ ഇതുവരെ ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ല
ജസ്റ്റിസ് കെ.ടി.തോമസ്