വൈക്കം : കേരളീയ ചുമർചിത്ര രചനാ ശൈലിക്ക് തഞ്ചാവൂരിന്റെ നിറം പകർന്ന് സുധൻ ശിവൻ. ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര നവീകരണത്തോടനുബന്ധിച്ച് തഞ്ചാവൂരിന്റെ രചനാ ശൈലി ചാലിച്ച് ക്ഷേത്രത്തിന്റെ ചുമരുകളിൽ സുബ്രഹ്മണ്യ സ്വാമിയുടെ അവതാര കഥകളെഴുതുകയാണ് കുടമാളൂർ മാളിയേക്കൽ സുധൻ ശിവൻ. ചുമർചിത്ര കലയിൽ സുധൻ ശിവന് തന്റേതായ തനത് രീതികളുണ്ട്. ഉദയനാപുരം ക്ഷേത്രത്തിന്റെ ചുമരുകളിൽ സുബ്രഹ്മണ്യസ്വാമിയുടെ അവതാര കഥയും വിവിധ ഭാവങ്ങളും സുധൻ വരകളിലും വർണ്ണങ്ങളിലും ആവിഷ്‌കരിക്കുന്നത് കേരളീയ ചുമർ ചിത്ര രീതിയിൽ തഞ്ചാവൂർ ശൈലി കൂട്ടിച്ചേർത്താണ്. സൗദി അറേബ്യ കൊട്ടാരത്തിൽ കഴിഞ്ഞ 9 വർഷമായി അലങ്കാരപ്പണികളുടെ മേൽനോട്ടം വഹിച്ചിരുന്ന സുധൻ ശിവൻ ആദ്യമായാണ് ഒരു ക്ഷേത്രത്തിൽ ദേവ സങ്കൽപ്പങ്ങൾക്ക് ജീവൻ പകരുന്നത്. ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലെ മഹാത്മാഗാന്ധിയുടെ പ്രതിമയുടെ ശില്പിയും സുധനാണ്. മാവേലിക്കര ഫൈൻ ആർട്‌സ് കോളേജിലെ പൂർവവിദ്യാർത്ഥിയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഉദയനാപുരം ക്ഷേത്രത്തിൽ ചുമർ ചിത്രങ്ങളുടെ രചനയിലാണ് ഇദ്ദേഹം. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിലാണ് ചുമർ ചിത്രരചന നടന്നു വരുന്നത്.