ആഘോഷങ്ങളെക്കുറിച്ച് അവ്യക്തത തുടരുന്നു

വൈക്കം : അഷ്ടമി പടിവാതിൽക്കലെത്തിയിട്ടും ആഘോഷങ്ങളെക്കുറിച്ച് അവ്യക്തത തുടരുന്നു.കൊവിഡ് നിയന്ത്റണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ അന്നദാന പ്രഭുവിന്റെ ഇഷ്ട വഴിപാടായ പ്രാതൽ, അത്താഴ ഊട്ട് എന്നിവ അഷ്ടമിക്കായി പുനരാരംഭിക്കുമോ എന്ന് വ്യക്തമല്ല.
മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ദിവസങ്ങളിൽ തുടർച്ചയായി കലാപരിപാടികൾ അരങ്ങേറുക പതിവാണ്. എന്നാൽ ഇക്കുറി കലാപരിപാടികളെ സംബന്ധിച്ചും വ്യക്തതയില്ല. പന്ത്റണ്ട് ആനകൾ വരെ അണിനിരക്കുന്ന, സ്വർണ്ണ നെ​റ്റിപ്പട്ടവും സ്വർണ്ണക്കുടകളും ആലവട്ടവും വെൺചാമരങ്ങളും വർണ്ണക്കുടകളും എല്ലാം പ്രൗഢി പകരുന്ന എഴുന്നള്ളിപ്പുകൾ അഷ്ടമിയുടെ പ്രത്യേകതയാണ്. ദക്ഷിണേന്ത്യയിലെ പേരെടുത്ത താള, വാദ്യകലാകാരന്മാരുടെ മേളപ്പെരുക്കങ്ങളാണ് മഹാദേവരുടെ എഴുന്നള്ളത്തുകൾക്ക് അകമ്പടിയാവുക. ഇത്തവണത്തെ അഷ്ടമിക്ക് പ്രൗഢഗംഭീരമായ എഴുന്നള്ളത്തുകൾ ഉണ്ടാവുമോ എന്നതും തീരുമാനമായിട്ടില്ല. അഷ്ടമി ദർശനം എങ്ങനെയെന്നതിലും ഭക്തജനങ്ങൾക്ക് ആശങ്കയുണ്ട്. അഷ്ടമി അടുത്തെത്തിയിട്ടും ക്ഷേത്രത്തിൽ കാര്യമായ തയാറെടുപ്പുകൾ നടത്താത്തതും ഭക്തരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.ജില്ലാ മോണി​റ്ററിംഗ് കമ്മ​റ്റി ക്ഷേത്രവളപ്പിനകത്ത് അഞ്ച് ആനയെ എഴുന്നളളിക്കാമെന്നും മ​റ്റ് തിടമ്പെടുക്കുന്ന ആനകൾക്ക് വനം വകുപ്പിന്റെ അനുമതിയനുസരിച്ച് എഴുന്നള്ളിപ്പ് നടത്താമെന്നും തീരുമാനം ഉണ്ടായെങ്കിലും ദേവസ്വത്തിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നും ആരോപണമുണ്ട്.

മൗനം പാലിച്ച് ദേവസ്വം ബോർഡ്

ഭക്തരുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ദേവസ്വംബോർഡ് മൗനം പാലിക്കുന്നതായി ക്ഷേത്ര ഉപദേശകസമിതിയും ഹിന്ദു ഐക്യവേദിയും ആരോപിച്ചു.
വൈക്കം ക്ഷേത്രത്തിലെ അഷ്ടമി, ഉദയനാപുരം ക്ഷേത്രത്തിലെ കാർത്തിക എന്നിവയെ കുറിച്ച് ആലോചിക്കുന്നതിന് ദേവസ്വം വിളിച്ച് ചേർത്ത യോഗം മാ​റ്റിവെച്ചിരുന്നു.
തിരുവിതാംകൂർ മഹാരാജാക്കൻമാർ അധികാരം എടുക്കുന്ന അവസരത്തിൽ വൈക്കം ക്ഷേത്രം സംരക്ഷിച്ചു കൊള്ളാമെന്ന പ്രതിജ്ഞ എടുക്കുക പതിവുണ്ട്. രാജ കല്പനയനുസരിച്ചാണ് വൈക്കത്തെ പടിത്തരം കണക്കാക്കിയിരിക്കുന്നത്. ഇതനുസരിച്ച് രാജ ഭരണ കാലത്തും ഊരാഴമക്കാരുടെ ഭരണ കലത്തും ഉത്സവാദി ചടങ്ങുകൾക്ക് മുൻപായി നടത്തിവന്നിരുന്ന കോപ്പുതൂക്കൽ എന്ന ചടങ്ങ് ആചാരം ആനുസരിച്ച് ഇപ്പോഴും നടന്നു വരുന്നു. ഈ അനുഷ്ടാനങ്ങൾ പടിത്തരം അനുസരിച്ച് നടത്തുവാൻ ദേവസ്വം വീഴ്ചവരുത്തുന്നത് ആചാര ലംഘനമാണന്ന് ക്ഷേത്ര ഉപദേശക സമിതിയും ഹൈന്ദവ സംഘടനകളും ആരോപിക്കുന്നു.