മുണ്ടക്കയം: പ്രളയത്തിൽ ചെറുതും വലുതുമായ ശുദ്ധജലപദ്ധതികളുടെ പ്രവർത്തനം നിലച്ചതോടെ കൂട്ടിക്കൽ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം.
കൂട്ടിക്കൽ പഞ്ചായത്തിലെ ജലവിതരണ പദ്ധതികൾ ജലസ്രോതസിനായി ആശ്രയിച്ചിരുന്നത് പുല്ലക്കയറിനെയാണ്. അതുകൊണ്ടുതന്നെ പദ്ധതികളുടെ ജല സ്രോതസുകളിലെ കിണറുകളും മോട്ടോർപ്പുരകളും പുല്ലകയാറിന്റെ തീരങ്ങളിൽ തന്നെയായിരുന്നു. മലവെള്ളപാച്ചിലിൽ മോട്ടോർപ്പുരകൾ നശിക്കുകയും, കിണറുകൾ എല്ലാം തന്നെ മണ്ണും ചെളിയും നിറഞ്ഞ് അപ്രത്യക്ഷമായി. പ്രധാന ജല പദ്ധതികളായ ജലനിധിയും, പള്ളി കോളനി ,4 സെൻ്റ് കോളനി പദ്ധതികൾ വഴിയാണ് മേഖലയിലെ വീടുകളിൽ ജലം എത്തിരുന്നത്. മോട്ടോറുകളും, വിതരണ പൈപ്പുകളും നശിച്ചതിനെ തുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ജലപദ്ധതികൾക്ക് ഉണ്ടായിരിക്കുന്നത്. വലിയ നാശനഷ്ടം ഉണ്ടായതിനാൽ പദ്ധതികളുടെ പുനരുദ്ധാരണം വൈകുമെന്നാണ് സൂചന.
കുടിവെള്ളമെത്തിച്ച്
സന്നദ്ധ സംഘടനകൾ
മേഖലയിൽ സന്നദ്ധസംഘടനകളാണ് ഇപ്പോൾ കുടിവെള്ളമെത്തിക്കുന്നത്. മണിമലയാർ കരകവിഞ്ഞൊഴുകിയത് മൂലം മുണ്ടക്കയം പഞ്ചായത്തിലെ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിന് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചിരുന്നു. അറ്റകുറ്റപണികൾ യുദ്ധകാല അടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്.