para

കോട്ടയം : പശ്ചിമഘട്ട സംരക്ഷണത്തിൽ അന്തിമവിജ്ഞാപനം വരും വരെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന ഹരിതട്രൈബ്യൂണലിന്റെയും, ഹൈക്കോടതിയുടെയും ഉത്തരവിന് പുല്ലുവില കൽപ്പിപ്പ് അനധികൃത പാറമടകളുടെ പ്രവ‌ർത്തനം നിർബാധം തുടരുന്നു. കൂട്ടിക്കലിൽ ഉണ്ടായ വൻഉരുൾപൊട്ടലിന്റെ തലേന്നും പ്രവർത്തിച്ചുവെന്ന പരാതിയെ തുടർന്നാണ് ഇളംകാട് വല്യേന്ത പാറമടയ്ക്ക് കളക്ടർ താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. കൂട്ടിക്കൽ ,വല്യേന്ത , കൊടുങ്ങ മേഖലകളിലെ മല നിരകളിൽ പാറഖനനം അനുവദിക്കരുതെന്ന് എട്ടു വർഷം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്ന പാറമടയാണ് കഴിഞ്ഞ ദിവസം വരെ പ്രവർത്തിച്ചത്. ഈ പാറമടയുമായി ബന്ധപ്പെട്ടാണ് ജിയോളജി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും, ബിനാമി ഏർപ്പാടിനെ ചൊല്ലി പൂഞ്ഞാർ എം.എൽഎയും, മുൻ എം.എൽ.എയും തമ്മിലുള്ള പോര് നടക്കുന്നതും. കോട്ടയം, ഇടുക്കി ജില്ലകളിലെ ഏതു മലയുടെ മുകളിലും ഒരു കുരിശോ ശൂലമോ സ്ഥാപിച്ചത് കാണാം. സംരക്ഷിത വനമേഖലകളിൽ പോലും ഇത്തരം നിരവധി ആരാധനാലയങ്ങളുണ്ട്. സമുദായ സംഘടനകളെ പ്രീണിപ്പിക്കാൻ ഉന്നത രാഷ്ട്രീയ നേതൃത്വം മലകൾക്ക് പട്ടയം നൽകും. പിന്നെ ആരാധനാലയങ്ങൾ കെട്ടി ഉയർത്തും. ഇത്തരം മലയുടെ അടിവാരങ്ങളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത പാറമടകൾക്ക് പിന്നിലെ ബിനാമി ആരൊക്കെയെന്ന് എല്ലാവർക്കും അറിയാമെങ്കിലും നടപടി മാത്രമില്ല.

2664 അനധികൃത പാറമടകൾ

കേരളത്തിൽ പരിസ്ഥിതി അനുമതിയില്ലാതെ പ്രവർത്തിക്കുന്നത് 2664 പാറമടകളാണ്. അനുമതി നൽകിയത് 69 എണ്ണത്തിന് മാത്രമെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്ക്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നിയമസഭ പരിസ്ഥിതി കമ്മിറ്റിയ്ക്ക് സമർപ്പിച്ച കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 5924 ക്വാറികളുണ്ട്. ഇതിൽ 2733 കരിങ്കൽ ക്വാറികളിൽ 564 എണ്ണം ലീസിന് എടുത്തിട്ടുള്ളവയാണ്. മുന്നൂറിൽപ്പരം പാറമടകളാണ് അനുമതി നേടിയിട്ടുള്ളത്. 2018ലെ പ്രളയത്തിനു ശേഷം 223 പുതിയ ക്വാറികൾക്ക് അനുമതി നൽകിയിരുന്നു.