കോട്ടയം: ജില്ലയിലെ എല്ലാ ബാങ്കുകളും സംയുക്തമായി സംഘടിപ്പിക്കുന്ന സമൃദ്ധി വായ്പാമേള കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ ഇന്ന് രാവിലെ 10 മുതൽ നടക്കും. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും.എസ്.ബി.ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീകാന്ത്, എസ്.ബി.ഐ കോട്ടയം ഡി.ജി.എം സുരേഷ് വാക്കിയിൽ ജില്ലയിലെ മറ്റ് ബാങ്കുകളുടെ ഉന്നത അധികാരികൾ വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പരമാവധി വായ്പകൾ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനൊപ്പം ജനങ്ങളെ കൂടുതൽ ബാങ്കുകളുമായി അടുപ്പിക്കുകയും, സർക്കാർ നടപ്പിലാക്കുന്ന വിവിധ സ്കീമുകളെ കുറിച്ച് ബോധവത്ക്കരിച്ച് കൂടുതൽ വായ്പകൾ വിതരണം ചെയ്യുകയാണ് മേളയുടെ പ്രധാന ലക്ഷ്യം. വായ്പയുടെ അനുമതിപത്രങ്ങൾ മേളയിൽ വിതരണം ചെയ്യും.. പുതുതായി വായ്പ എടുക്കേണ്ടവർക്ക് അപേക്ഷ സമർപ്പിക്കാം. ആധാർ സേവാ കേന്ദ്രം, കസ്റ്റമർ സർവീസ് പ്രൊവൈഡർ, അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ്, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സ്റ്റോൾ ഉണ്ടായിരിക്കും. ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ പരാതിപരിഹാര സെൽ പ്രവർത്തിക്കുമെന്ന് സുരേഷ്.വി, ഡെപ്യൂട്ടി ജനറൽ മാനേജർ എസ്.ബി.ഐ, വിനോദ് കുമാർ വി, ലീഡ് ഡിസ്ട്രിക്ട് മാനേജർ, ബിജേഷ് ബാലൻ, റീജണൽ മാനേജർ, എസ്.ബി.ഐ, മനോജ് എം.ബി, ധനലക്ഷ്മി ബാങ്ക് മാനേജർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.