cms

കോട്ടയം : കാമ്പസുകളിലെ ചുവരുകൾക്ക് വരെ ഇന്നലെ സന്തോഷമായിരുന്നു. ഭാഗികമായി തുറന്ന കാമ്പസുകൾ ഇന്നലെ മുതൽ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങി. ചിലരുടെ മുഖത്ത് ആദ്യമായി കോളേജിലെത്തിയതിന്റെ ഉത്കണ്ഠയും ആകാംക്ഷയുമായിരുന്നു. മറ്റ് ചിലരുടെ മുഖത്ത് കൂട്ടുകാരെ തിരിച്ചുകിട്ടിയതിന്റ സന്തോഷം. പ്ലസ് ടു പഠനം പൂർണമായും ഓൺലൈനിലായിരുന്ന ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കാണ് കോളജിലെത്തിയതിൽ കൂടുതൽ സന്തോഷം. അവസാനവർഷ ഡിഗ്രി, പി.ജി ക്ലാസുകൾ ആദ്യം തുടങ്ങിയതിന് പിന്നാലെയാണ് ക്ളാസുകൾ പൂർണമായത്. കഴിഞ്ഞ 18 ന് ക്ലാസ് തുടങ്ങാനാണ് തീരുമാനിച്ചതെങ്കിലും മഴക്കെടുതി കാരണം ഒരാഴ്ച നീട്ടുകയായിരുന്നു. കാമ്പസുകൾ സജീവമായപ്പോഴേക്കും അവസാനവർഷ ഡിഗ്രി വിദ്യാർത്ഥികൾ പരീക്ഷയുടെ തിരക്കിലേയ്ക്ക് അമർന്നു. പ്രവേശന നടപടികൾ പൂർത്തിയാകാത്തത് കാരണം ഒന്നാം വർഷ പി.ജി ക്ലാസുകൾ ചിലയിടങ്ങളിൽ തുടങ്ങിയിട്ടില്ല. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് കുട്ടികളെ കാമ്പസിൽ പ്രവേശിപ്പിച്ചത്.