പൊൻകുന്നം: ദേശീയപാത 183ൽ പൊൻകുന്നം കെ.വി.എം എസ് ജംഗഷന് സമീപമുള്ള കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു.ഞായറാഴ്ച രാത്രി കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.സ്‌കൂട്ടറിൽ എത്തിയ പൊൻകുന്നം പാട്ടുപാറ തോണിക്കുഴിയിൽ ബേബിച്ചൻ(59)ആണ് മരിച്ചത്.പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാൾ ഇന്നലെ രാവിലെയാണ് മരിച്ചത്. ബേബിച്ചന്റെ സഹോദരപുത്രൻ ജസ്റ്റിൻ (20) ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ നാലുപേർ കാർ യാത്രികരാണ്.
വാട്ടർ അതോറിറ്റി ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റപണി നടത്തിയതിന്റെ ഭാഗമായി ഉണ്ടായ കുഴികളാണ് യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നത്. നിരവധി പേരാണ് ഇവിടെ അപകടത്തിൽപെടുന്നത്. വാഹനങ്ങൾ ദേശീയപാതയിലെ വലിയ കുഴികൾ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ എതിരെ വരുന്നതും പിന്നിൽനിന്നുവരുന്നതുമായ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ അപകടത്തിന് കാരണവും ഈ കുഴികളാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.