അടിമാലി: ദേശീയ പാതയിൽ അടിമാലി അമ്പലപ്പടിക്ക് സമീപം കാൽനട യാത്രക്കാരനായ യുവാവിനെ ഇടിച്ചു വീഴ്ത്തിയ വാഹനം കണ്ടെത്തി. മുരിക്കാശേരി സ്വദേശി ജോസ് താമസിക്കുന്ന മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് പള്ളിക്കു സമീപം ഉള്ള ഫ്‌ലാറ്റിൽ നിന്നാണ് വാഹനം പിടിച്ചെടുത്തത്. ജോസ് ആണ് വാഹനം ഓടിച്ചിരുന്നതെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ടാസ് മാർക്കറ്റിങ് കമ്പനി ഉടമ ടോമിയുടെ മകൻ ടിൽബിൻ (21)നെ അമിത വേഗതയിൽ വരികയായിരുന്ന ജീപ്പ് ഇടിച്ചു തെറിപ്പിച്ചത്. തുടർന്ന് നിർത്താതെ ഓടിച്ചു പോയി.ഇതു സംബന്ധിച്ച് അടിമാലി പൊലീസ് നടത്തിയ അന്വേഷണത്തിൽ ടൗണിലെ മെറീന കോംപ്ലക്‌സിൽ നിന്ന് ജീപ്പ് പുറത്തേക്ക് പോകുന്നതും അപകടം സംഭവിച്ച സ്ഥലത്തെ നിരീക്ഷണ കാമറയിലും വാഹനത്തെ സംബന്ധിച്ച് വ്യക്തത ലഭിച്ചിരുന്നു. ഇതിനിടെ ജീപ്പ് മറ്റൊരു കാറിലും ഇടിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.