പാലാ: ഭരണങ്ങാനം പഞ്ചായത്ത് അരീപ്പാറ വാർഡിൽ പ്രവർത്തിക്കുന്ന ലക്ഷംവീട് കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.നിലവിൽ 160 കുടുംബങ്ങളിലാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. തോമസ് ചാഴികാടൻ എം.പി പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ ടാങ്കും ജില്ലാ പഞ്ചായത്ത് പശ്ചാത്തല വികസന ഫണ്ടിൽ നിന്നും രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 11 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ വിതരണ ലൈനുകളും മോട്ടോറും സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്.പുതിയ വിതരണ ലൈൻ വരുന്നതോടുകൂടി പാറക്കുന്നേൽ ഭാഗം, പനച്ചിയ്ക്കപ്പാറ ഭാഗം, പൈകടമുരിങ്ങേൽ ഭാഗം, കൊച്ചു മണ്ണാറാത്ത് ഭാഗം തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം വീടുകളിൽ പുതുതായി വെള്ളം എത്തിക്കാൻ കഴിയും. കുടിവെള്ളപദ്ധതിയുടെ വികസനത്തിന് തുക അനുവദിച്ച തോമസ് ചാഴികാടൻ എം.പി.യെയും ജില്ലാ പഞ്ചായത്ത് മെമ്പർ. രാജേഷ് വാളിപ്ലാക്കലിനെയും ഇടപ്പാടി ലക്ഷം വീട് കുടിവെള്ള പദ്ധതി ഗുണഭോക്തൃ സമിതി അഭിനന്ദിച്ചു. പ്രസിഡന്റ് സാബു വടക്കേമുറി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ത്രെസ്യാമ്മ താഴത്തു വരിക്കയിൽ, ഷാജി പൂത്തോട്ടായിൽ, രവീന്ദ്രൻ അരീപ്പാറ, സോയി താണോലിൽ, സിന്ധു പ്രദീപ് മുല്ലൂപ്പാറ, ഗിരിജ രവി ചിറയാത്ത്, ബിനീഷ് ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.