rubber-

കോട്ടയം: കേരളത്തിൽ റബർ പുതുകൃഷിയും ആവർത്തന കൃഷിയും പാടേ കുറഞ്ഞതോടെ മൂന്ന് വർഷമായി മുടങ്ങിക്കിടന്ന സബ്സിഡി വിതരണം പുനരാരംഭിക്കാൻ റബർ ബോ‌ർഡ് തീരുമാനിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും റബർ കൃഷിക്ക് സബ്സിഡി നൽകാൻ തീരുമാനമായിട്ടുണ്ട്. ആദ്യം കേരളത്തിൽ സബ്സിഡി വിതരണം ചെയ്യും. ഇത് പൂർത്തിയാക്കിയ ശേഷമാവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സബ്സിഡി നൽകുക. 2018, 2019 വർഷങ്ങളിലെ സബ്സിഡിയാണ് വിതരണം ചെയ്യുക. കഴിഞ്ഞ മൂന്ന് വർഷമായി കർഷകർക്ക് സബ്സിഡി വിതരണം ചെയ്തിട്ടില്ല.

 25,​000 സബ്‌സിഡി

ഹെക്ടറിന് 25,000 രൂപയാണ് സബ്സിഡി നൽകുക. റബർ ബോർഡിന്റെ പഴയ സ്‌കീം പ്രകാരമാണ് ഇത്തവണയും സബ്‌സിഡി അനുവദിക്കുക. റബ്ബർ ബോർഡ് സമർപ്പിച്ച പുതിയ പ്ലാൻ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇത് അംഗീകരിച്ചാൽ വരും വർഷങ്ങളിൽ സബ്സിഡി തുക വർദ്ധിക്കും. മുമ്പ് രണ്ടും മൂന്നും തവണയായാണ് സബ്സിഡി വിതരണം ചെയ്തിരുന്നെങ്കിൽ ഇനി മുതൽ ഒറ്റത്തവണയായി തുക അനുവദിക്കാനാണ് തീരുമാനം. കഴിഞ്ഞ രണ്ട് - മൂന്ന് വർഷമായി റബറിന്റെ വിലയിടിവിനെ തുടർന്ന് ആവർത്തന കൃഷി ചെയ്ത കർഷകരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് റബർ ബോ‌ർഡ് വ്യക്തമാക്കി. പുതിയ കൃഷിക്കാരും നന്നേ കുറഞ്ഞു. ഇന്ത്യയിലെ സ്വാഭാവിക റബർ ഉത്പാദനത്തിന്റെ 92.61 ശതമാനം കേരളത്തിലാണ്. നമ്മുടെ മൊത്തം കൃഷിഭൂമിയുടെ 20.31 ശതമാനവും ഈ വൃക്ഷ വിള കൈയടക്കിയിരിക്കുന്നു. കൃഷി മലനാട്ടിലും ഇടനാട്ടിലും പതിറ്റാണ്ടുകളായി വ്യാപിക്കുകയായിരുന്നു. ഇതരവിളകളിൽ തെങ്ങിനെയാണ് റബർ ഏറ്റവും പിന്തള്ളിയത്. കഴിഞ്ഞ അഞ്ച് വർഷമായി വളർച്ചാ നിരക്കിൽ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കേന്ദ്ര സർക്കാരിന്റെ സർവീസ് പ്ലസ് പോർട്ടൽ വഴി ഓൺലൈനായാണ് ഇത്തവണ അപേക്ഷിക്കേണ്ടത്. നവംബറിലാണ് അപേക്ഷ ക്ഷണിക്കുക. അതിന് മുന്നോടിയായി കേരളത്തിലെ 1400 വില്ലേജുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സർവീസ് പ്ലസ് പോർട്ടലിൽ അപ്‌‌ലോഡ് ചെയ്തു. അപേക്ഷകൾ റബർ ബോർഡ‌ിലെ ഫീൽഡ് ഓഫീസർമാർ പരിശോധിച്ച ശേഷമാകും ആനുകൂല്യം ലഭ്യമാക്കുക. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വില്ലേജുകൾ പോർട്ടലിൽ അപ്‌ലോ‌ഡ് ചെയ്യുന്ന നടപടികൾ പൂർത്തിയായിട്ടില്ല.