aanaa

മുണ്ടക്കയം: കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി മൈനാകുളക്ക് ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകതോതിൽ കൃഷിനശിപ്പിച്ചു.

കൊമ്പുകുത്തി റോഡിൽ ആനക്കൂട്ടങ്ങൾ പതിവാണെങ്കിലും കൃഷി നശിപ്പിക്കുന്നത് ഇതാദ്യമാണ്. മൈനകുളം കല്ലുംതലയ്ക്കൽ ബെന്നി, കാഞ്ഞിരത്തിങ്കൽ സജി, സാബു കാഞ്ഞിരത്തിങ്കൽ, വിലങ്ങുപാറയിൽ വി.ഡി ബിജി, കടപുരക്കൽ ജോസ് എന്നിവരുടെ കൃഷിയാണ് ആനക്കൂട്ടം തകർത്തത്. റബർ, വാഴ, കപ്പ, ചേന, കമുക്, ഇഞ്ചി തുടങ്ങിയവ ആനക്കൂട്ടം നശിപ്പിച്ച നിലയിലാണ്. കുലയ്ക്കാറായ നിരവധി വാഴകളും പിഴുതെറിഞ്ഞു. ആനയ്ക്ക് പുറമേ കാട്ടുപന്നിയുടെ ശല്യവും മേഖലയിൽ രൂക്ഷമാണ്. സോളാർ വേലികൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും അത് തകർത്താണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ ഇറങ്ങുന്നത്. ഇന്നലെ രാവിലെയും ആനകൾ ജനവാസമേഖലയിൽ ചേർന്ന് നിലയുറപ്പിച്ചിരുന്നു. ഫോറസ്റ്റ് അധികൃതരെത്തി ആനകളെ ഓടിക്കുകയായിരുന്നു. ഒരു കുട്ടിക്കൊമ്പൻ ഉൾപ്പെടെ ഇരുപതോളം ആനകൾ മേഖലയിലുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വരുംദിവസങ്ങളിലും ആനകൾ ജനവാസമേഖലയിൽ എത്തുമെന്ന ഭീതിയാണ് ജനങ്ങൾക്ക്.

നഷ്ടം നാലം ലക്ഷം

നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അതേസമയം തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.