puthukari

വെച്ചൂർ: വെച്ചൂരിലെ കൊയ്ത്ത് നടന്ന പാടശേഖരത്തിൽ നിന്ന് നെല്ല് സംഭരണം ആരംഭിച്ചു. വെച്ചൂർ മോഡേൺ റൈസ് മിൽ വലിയ പുതുക്കരി പാടശേഖരത്തിൽ നിന്ന് ക്വിന്റലിനു അഞ്ച് കിലോ കിഴിവിലാണ് ഇന്നലെ നെല്ലെടുത്തു തുടങ്ങിയത്. മോഡേൺ റൈസ് മിൽ അഞ്ച് കിലോ കിഴിവ് ഈടാക്കി നെല്ല് സംഭരിക്കാൻ തീരുമാനിച്ചതോടെ സ്വകാര്യ മില്ലുകാരും അതേ കിഴിവിൽ നെല്ലുസംഭരിക്കാൻ മുന്നോട്ടുവന്നു. വെച്ചൂർ മോഡേൺ റൈസ് മില്ലും സ്വകാര്യ മില്ലും ഇന്ന് രാവിലെ മുതൽ നെല്ല് സംഭരണം ഊർജിതമാക്കും. വെച്ചൂരിൽ 33 പാടശേഖരങ്ങളിലായി 3500 ഏക്കറിലാണ് നെൽകൃഷി നടന്നത്. ഇതിൽ വലിയ പുതുക്കരി, പട്ടറക്കരി, പൂവത്തുക്കരി തുടങ്ങിയ പാടശേഖരങ്ങളിലാണ് കൊയ്ത്ത് ആരംഭിച്ചത്. ഇതിൽ വലിയ പുതുക്കരി 458 ഏക്കറും പൂവത്തുക്കരി 500 ഏക്കറും പട്ടറക്കരി 110 ഏക്കറുമാണ്. ഏക്കറിനു 30 ക്വിന്റൽ നെല്ല്‌ ലഭിക്കുമെന്ന നിലയിൽ മികച്ച രീതിയിൽ വിളവുണ്ടായെങ്കിലും ശക്തമായ മഴയിലും കാറ്റിലും കറ്റ അടിഞ്ഞതോടെ കർഷകർക്ക് കനത്ത പ്രഹരമായി. പല കർഷകകർക്കും വൻ തുക ചെലവഴിച്ച് നെല്ല് കൊയ്‌തെടുക്കേണ്ടി വന്നു. മഴ ശക്തമായതിനാൽ എത്രയും വേഗം ലഭിച്ച നെല്ല് വിറ്റ് നഷ്ടത്തിന്റെ തോത് കുറക്കാനാണിപ്പോൾ കർഷകരുടെ ശ്രമം. അതുകൊണ്ടാണ് താരയുടെ പേരിൽ വില പേശാൻ നിൽക്കാതെ കർഷകർ അഞ്ച് കിലോ കിഴിവിനു നെല്ല് നൽകാൻ തയ്യാറായത്.
കർഷകർ ഒരാഴ്ചയിലേറെയായി കൊയ്‌തെടുത്ത നെല്ല് റോഡരികിൽ കൂനകൂട്ടി മില്ലുകാരെ കാത്തിരിക്കുകയായിരുന്നു. 17 ശതമാനം വരെ ഈർപ്പമുള്ള നെല്ല് സംഭരിക്കാൻ സർക്കാർ നിർേദ്ദേശം നൽകിയിട്ടും പൊതുമേഖലയിലുള്ള വെച്ചൂർ മോഡേൺ റൈസ് മില്ലും മറ്റ് സ്വകാര്യമില്ലുകാരും15 ശതമാനം ഈർപ്പമുള്ള നെല്ല് എടുക്കാൻ താരയുടെ പേരിൽ കർഷകരോട് വിലപേശി. രണ്ട് കിലോഗ്രാം വരെ ക്വിന്റലിന് കിഴിവ് നൽകാൻ കർഷകർ തയ്യാറായിരുന്നു. സംഭരണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കർഷകർ കൃഷി മന്ത്രിക്ക് നിവേദനം നൽകിയിട്ടും അധികൃതർ നടപടി ശക്തമാക്കിയില്ല. പാഡി ഓഫീസർ കൊയ്ത്ത് ആരംഭിക്കുന്നതിനു മുമ്പേ പാടശേഖരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയെങ്കിലും നെല്ലുസംഭരിക്കുന്ന കാര്യത്തിൽ കാര്യക്ഷമമായ ഇടപെടീൽ ഉണ്ടായില്ലെന്നും പരാതിയുണ്ടായിരുന്നു.