കോട്ടയം: കൊവിഡ് നിയന്ത്രണത്തിൽ താഴ്ത്തിയ തിയേറ്ററുകളിലെ തിരശീല ആറുമാസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു വീണ്ടും തിളങ്ങും. എന്നാൽ മലയാള ചിത്രങ്ങളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല. കോട്ടയത്തെ അഭിലാഷ് , ആനന്ദ്, ആശ തിയേറ്ററുകളിൽ ജയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടുഡേ ആണ് പ്രദർശിപ്പിക്കുക. അനശ്വരയിൽ പ്രദർശനമില്ല. ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള ചങ്ങനാശേരി അഭിനയ, അനു, അപ്സര തിയേറ്ററുകളിലും ഇതേ ചിത്രമാണ്.
മുത്തുറ്റ് ഗ്രൂപ്പിന്റെ കോട്ടയത്തും ചങ്ങനാശേരിയിലുമുള്ള രമ്യ, ധന്യ തിയേറ്ററുകളിൽ ഇന്ന് സിനിമയില്ല. അടുത്ത ദിവസം മുതൽ രജനീകാന്തിന്റെ പുതിയ ചിത്രം പ്രദർശിപ്പിക്കും. ദീപാവലി പ്രമാണിച്ച് നവംബർ ആദ്യം തമിഴ് സൂപ്പർ താര സിനിമകൾ പ്രർശനത്തിനെത്തുന്നതോടെ പ്രേക്ഷക തിരക്കേറുമെന്നാണ് ഉടമകളുടെ പ്രതീക്ഷ.
കൊവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം തിയേറ്ററുകൾ മൂന്നു മാസത്തോളം തുറന്നപ്പോൾ സെക്കൻഡ് ഷോ ഒഴിവാക്കിയിരുന്നു . 50 ശതമാനം സീറ്റുകളിലായിരുന്നു പ്രവേശനം .അതിന് മാറ്റം വന്നിട്ടില്ലെങ്കിലും സെക്കൻഡ് ഷോയ്ക്ക അനുമതി ലഭിച്ചത് കൂടുതൽ കുടുംബങ്ങളെ തിയേറുകളിൽ എത്തിച്ചേക്കും.
തുറക്കുന്നതിന്റെ ഭാഗമായി തിയേറ്ററുകളിലെ എ.സിയും ജനറേറ്ററും മറ്റും അറ്റ കുറ്റപണി നടത്തി. കസേരകൾ വൃത്തിയാക്കുകയും പരിസരം അണുവിമുക്തമാക്കുകയും ചെയ്തു .ഇന്നലെ പ്രൊജക്ടർ പ്രവർത്തിപ്പിച്ച് ട്രയലും നടത്തി .
മാനദണ്ഡങ്ങൾ ബാധകം
ജീവനക്കാരും കാണികളും രണ്ട് ഡോസെടുത്തവർ
18 വയസിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല
ഓരോ ഷോയ്ക്കു ശേഷവും സാനിറ്റേഷൻ നടത്തണം
' നിലവിൽ അമ്പതു ശതമാനം സീറ്റിംഗേ ഉള്ളുവെങ്കിലും സെക്കൻഡ് ഷോ നടത്താമെന്നത് ഗുണകരമാണ് . തമിഴ് നാട്ടിൽ നവംബർ മുതൽ മുഴുവൻ സീറ്റിലും പ്രവേശനം അനുവദിച്ചിട്ടുണ്ട്. കേരളത്തിലും വൈകില്ലെന്നാണ് പ്രതീക്ഷ.
- ജി.ജോർജ്, തിയേറ്റർ ഉടമ