വൈക്കം : അഷ്ടമിയ്ക്ക് ഇതര മേഖലകളിലെന്ന പോലെ കൊവിഡ് നിയന്ത്റണങ്ങളിൽ ഇളവ് നൽകി ആചാരങ്ങൾ നിലനിറുത്താൻ അധികൃതർ അവസരമൊരുക്കണമെന്ന് വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ ആവശ്യപ്പെട്ടു. ഈ വർഷത്തെ വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ ചടങ്ങുകൾ സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. സ്‌കൂളുകളും സിനിമ തിയേറ്ററുകളും മറ്റും തുറക്കുന്ന സാഹചര്യത്തിൽ കൊവിഡിന് മുൻപ് നടത്തിയിരുന്ന അത്രയും പ്രൗഢിയോടെ അല്ലെങ്കിൽ പോലും കഴിഞ്ഞവർഷം നടത്തിയതിൽ നിന്ന് വിഭിന്നമായി കുറച്ചുകൂടി ഇളവുകൾ നൽകി അഷ്ടമി ഉത്സവം നടത്തുന്നതിന് ദേവസ്വം ബോർഡും ജില്ലാ ഭരണാധികാരികളും തയ്യാറാവണം. ഉത്സവമേളം നടത്തുന്ന കലാകാരന്മാർ, സ്റ്റേജ് പ്രോഗ്രാം നടത്തുന്ന കലാകാരന്മാർ, ഇവർക്കൊക്കെ പരിപാടികൾ അവതരിപ്പിക്കാൻ എങ്ങും അവസരം കിട്ടാതെ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ വാദ്യമേളങ്ങളും ക്ഷേത്രകലകളും അവതരിപ്പിക്കാനുള്ള അവസരം നിഷേധിക്കുന്നത് ശരിയല്ല. വൈക്കത്തപ്പന്റെ ഇഷ്ട വഴിപാടായ പ്രാതൽ, അത്താഴക്കഞ്ഞി എന്നിവ നടത്തുന്നത് സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. കുലവാഴ പുറപ്പാടിനുള്ളതുൾപ്പെടെ വിവിധ സമുദായങ്ങൾ നടത്തുന്ന താലപ്പൊലികൾ, പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം നിജപ്പെടുത്തി നടത്തുന്നത് പരിഗണിക്കണം. വൈക്കത്തഷ്ടമി ദിവസം എട്ട് ക്ഷേത്രങ്ങളിൽ നിന്നുമുള്ള എഴുന്നളളത്തുകളാണ് ക്ഷേത്രത്തിൽ സംഗമിക്കുന്നത്. അതിൽ കുറെ ക്ഷേത്രങ്ങളെ മാത്രം പങ്കെടുപ്പിക്കുകയും കുറെ ഒഴിവാക്കുകയും ചെയ്യുന്ന രീതി ശരിയല്ല. പരമ്പരാഗതമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നുള്ളത്തുകൾക്ക് ദേവസ്വം ബോർഡ് അധികാരികളിൽ നിന്ന് ഒരുമിച്ച് അനുമതി വാങ്ങി ആചാരം സംരക്ഷിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സി.ശ്രീകുമാർ, എൻ.ജി.ബാലചന്ദ്രൻ, പി.എൻ.രാധാകൃഷ്ണൻ നായർ, എം.ഗോപാലകൃഷ്ണൻ, സി.പി.നാരായണൻ നായർ, എസ്.ജയപ്രകാശ്, കെ.എസ്.സാജു മോൻ, എൻ. മധു, പി.വേണുഗോപാൽ, എസ്.നവകുമാരൻ നായർ, പി.എസ്.വേണുഗോപാൽ, പി.പ്രസാദ് എന്നിവർ പ്രസംഗിച്ചു.