doctor

കോട്ടയം: ശസ്ത്രക്രിയ സാമഗ്രികൾ കൂടിയ വിലയ്ക്ക് രോഗിക്ക് നൽകാൻ കമ്പനി ഏജന്റിനു വേണ്ടി ഇടനില നിന്ന അസ്ഥിരോഗ വിഭാഗം മൂന്നാം യൂണിറ്റിലെ മൂന്ന് ജൂനിയർ ഡോക്ടർമാർക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കൈമാറും. ആർ.എം.ഒ ഡോ.ആർ.പി രഞ്ചൻ , ഡപ്യൂട്ടി സൂപ്രണ്ട് രതീഷ് കുമാർ, ഫൊറൻസിക് സർജൻ ഡോ.ടി. ദീപു എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയത്.

കുമരകം സ്വദേശി ബാബുവിന്റെ ഭാര്യ ആശയാണ് പരാതി നൽകിയത്. വീടിനു മുകളിൽ നിന്നു വീണ് ബാബുവിന്റെ കൈ ഒടിഞ്ഞതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് അസ്ഥിരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സാമഗ്രികൾ വാങ്ങാനുള്ള ലിസ്റ്റ് യൂണിറ്റ് മേധാവിയുടെ നിർദേശപ്രകാരം ജൂനിയർ ഡോക്ടർമാരാണ് തയ്യാറാക്കിയത്. കമ്പനിയുടെ ഏജന്റ് എത്തുമ്പോൾ 12500 രൂപ നൽകി ലിസ്റ്റ് പ്രകാരമുള്ളവ വാങ്ങണമെന്ന് ഇവർ ആശയോട് നിർദേശിച്ചു. ആശ 12000 രൂപ കൊടുത്ത് ഇവ വാങ്ങിയെങ്കിലും കടയിൽ അന്വേഷിച്ചപ്പോൾ 4000 രൂപയേ വിലയുഉള്ളുവെന്ന് മനസിലായി. തുടർന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു . മറ്റ് രണ്ടു പേരിൽ നിന്ന് 1900 രൂപയുടെ സാമഗ്രികൾക്ക് 10000 രൂപയും 10000 രൂപയുടെ സാമഗ്രികൾക്ക് 25000 രൂപയും ഇതേ യൂണിറ്റിലെ മറ്റ് രണ്ട് യുവ ഡോക്ടർമാർ ഇടനില നിന്ന് രോഗികളുടെ ബന്ധുക്കളോട് വാങ്ങാൻ നിർദേശിച്ചുവെന്ന പരാതി കൂടി ഉയർന്നതോടെ അന്വേഷണ കമ്മിഷനെ നിയമിക്കുകയായിരുന്നു. അന്വേഷണത്തിൽ മൂന്ന് ജൂനിയർ ഡോക്ടർമാരും കുറ്റം സമ്മതിച്ചു . കുറ്റക്കാർ ജൂനിയർ ഡോക്ടർമാരായതിനാൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനാണ് റിപ്പോർട്ടു നൽകുക. ഇതിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടായേക്കും.