കുറവിലങ്ങാട്: കാളികാവ് ദേവിക്ഷേത്രത്തിൽ നിന്നും മോഷണം പോയ കാണിക്കവഞ്ചികൾ ക്ഷേത്ര കുളത്തിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ 15 നായിരുന്നു മോഷണസംഭവം. അന്ന് തന്നെ ക്ഷേത്രത്തിന്റെ സമീപത്തു നിന്ന് കാണിക്കവഞ്ചികൾ പൊട്ടിച്ച താഴുകളും കമ്പിപ്പാരയും സമീപത്തെ പുരയിടത്തിൽ നിന്നും കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന്റെ ആവശ്യപ്രകാരം ഇന്ന് ഫയർഫോഴ്‌സിന്റെ സ്‌കൂബാ ടീം നടത്തിയ തെരച്ചിലിലാണ് കവർച്ച ചെയ്യപ്പെട്ട ആറ് കാണിക്കവഞ്ചികളും കണ്ടെത്തിയത്. ഭാരമേറിയ കാണിക്കവഞ്ചികളുമായി മോഷ്ടാക്കൾക്ക് പോകാൻ കഴിയില്ലെന്ന പൊലീസിന്റെ നിഗമനത്തെ തുടർന്നാണ് കുളത്തിൽ പരിശോധന നടത്തിയത്. ഇന്നലെ രാവിലെ കോട്ടയം ഫയർ ഫോഴ്‌സ് സ്‌കൂബ ടീം, കടുത്തുരുത്തി ഫയർ ഫോഴ്‌സ്, കുറവിലങ്ങാട് പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫയർ ഫോഴ്‌സ് കടുത്തുരുത്തി സ്റ്റേഷൻ ഓഫീസർ സുധികുമാർ, ഓഫീസർമാരായ മഹേഷ്, ശ്രീനാഥ്, പ്രജിൻ പ്രകാശ്, മനോഹർ, കോട്ടയം സ്‌കൂബ ടീമിലെ സുരേഷ്, ഷൈജു മിഥുൻ, കുറവിലങ്ങാട് എസ് എച്ച് ഒ സജീവ് ചെറിയാൻ,എസ്.ഐ തോമസ് കുട്ടി, എ എസ് ഐ അജികുമാർ, സിവിൽ പൊലീസ് ഓഫീസർ അരുൺകുമാർ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. മേഖലയിൽ തുടർച്ചയായി ഉണ്ടാവുന്ന മോഷണ സംഭവങ്ങളിൽ അന്വേഷണം ഉണ്ടാവണമെന്ന് ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി എസ്.ആർ ഷിജോ ആവശ്യപെട്ടു.