അടിമാലി :താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജന്റെ സേവനം ലഭ്യമാക്കുന്നതിന് നടപടി വേണമെന്ന ആവശ്യം ശക്തമായി. ഇപ്പോൾ ഇവിടെ എത്തിക്കുന്ന മൃതദേഹങ്ങളിൽ പലതും ഇടുക്കി, കോട്ടയം മെഡിക്കൽ കോളജുകളിൽ ആണ് പോസ്റ്റ് മോർട്ടം നടത്തുന്നത്. പോസ്റ്റ്‌മോർട്ടം വൈകാൻ കാരണമാകുന്ന പശ്ചാത്തലത്തിൽ ആണ് അടിമാലിയിൽ പൊലീസ് സർജന്റെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി വേണമെന്ന ആവശ്യം ഉയരുന്നത്.
ആശുപത്രിയിൽ എത്തിക്കുന്ന അസ്വാഭാവികതയുള്ള മരണങ്ങളുമായി ബന്ധപ്പെട്ട മതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചതിനുശേഷം പോസ്റ്റ് മോർട്ടത്തിനു പുറത്തു നിന്ന് വേണ്ട സാമഗ്രികൾ വാങ്ങിയതിനു ശേഷമാണ് ഇവിടെ പോസ്റ്റ് മോർട്ടം നടക്കില്ലെന്ന അറിയിപ്പ് ഡോക്ടർമാർ നൽകുന്നത്. ഇതോടെ മൃതദേഹവുമായി ബന്ധുക്കൾ ഇടുക്കി അല്ലെങ്കിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകേണ്ട സാഹചര്യമാണുള്ളത്. അടിമാലിയിൽ പോസ്റ്റ്‌മോർട്ടം നടക്കും എന്ന പ്രതീക്ഷയിൽ സംസ്‌കാര ചടങ്ങുകൾക്കും മറ്റും നിശ്ചയിക്കുന്ന സമയ ക്രമങ്ങളും മാറ്റും മാറ്റേണ്ട സാഹചര്യവും ഇതെ തുടർന്ന് ഉണ്ടാകുന്നുണ്ട്.വട്ടവടയിൽ നിന്ന് വിഷം ഉള്ളിൽ ചെന്ന് മരിച്ച സരോജ (26) യുടെ മൃതദേഹം തിങ്കളാഴ്ച രാത്രി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. 74 കിലോമീറ്റർ ദൂരമാണ്‌ വട്ടവടയിൽ നിന്ന് അടിമാലിക്കുള്ളത്. ഇന്നലെ ഇൻക്വസ്റ്റ് തയാറാക്കി ഉച്ചയോടെ പോസ്റ്റ് മോർട്ടത്തിനുള്ള നടപടി ക്രമങ്ങളിലേക്ക് നീങ്ങുമ്പോഴാണ് ഇവിടെ പോസ്റ്റ് മോർട്ടം നടക്കില്ലെന്ന് ഡോക്ടർ അറിയിച്ചത്. ഇതോടെ അടിമാലിയിൽ നിന്ന് 40 കിലോമീറ്റർ ദൂരത്തുള്ള ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം പാതിരാത്രിയോടെ ആണ് സംസ്‌കരിക്കാൻ കഴിഞ്ഞത്.