helmet

കോട്ടയം: ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന 9 മാസം മുതൽ 4 വയസുവരെയുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കിയ കേന്ദ്രസർക്കാരിന്റെ കര‌ട് വിജ്ഞാപനത്തോട് പൊതുജനങ്ങൾ പ്രതികരിക്കുന്നു.

'കുട്ടികൾക്ക് ഹെൽമെറ്റും നൈലോൺ ബെൽറ്റും കൂടെ ആവുമ്പോൾ ഇരുചക്രവാഹനത്തിൽ സ്ഥലം തികയാതെ വരും. ഹെൽമറ്റ് സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. കുട്ടികൾക്ക് ഹെൽമറ്റിന്റെ ഭാരവും സ്ട്രാപ്പ് മൂലം ഉണ്ടാവുന്ന അസ്വസ്ഥതയും ബുദ്ധിമുട്ട് സൃഷ്ടിക്കും'.

- ജിന്റോ ജോസഫ് കല്ലുകളം, ചങ്ങനാശേരി


'വിജ്ഞാപനത്തിനോട് യോജിപ്പില്ല. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇരുചക്രവാഹനങ്ങളെയാണ്. എല്ലാവർക്കും ഹെൽമെറ്റ് അസാദ്ധ്യമാണ്. ഫാമിലിയെ ഉൾപ്പെടുത്തിയുള്ള പരിപാടികളും ബന്ധു വീടുകളിലെ യാത്രയും മറ്റും ഇനി ഉപേക്ഷിക്കേണ്ടിവരും. '

- ടോണി കുട്ടംമ്പേരൂർ, തെങ്ങണ

'ഏത് സാഹചര്യത്തിലും കുട്ടികൾ സുരക്ഷിതരായിരിക്കണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കളാണ് ഭൂരിഭാഗവും. ഗുണമേന്മയേറിയ ഹെൽമെറ്റ്, ബെൽറ്റ് എന്നിവ വാങ്ങുന്നത് സാധാരണക്കാരെ സംബന്ധിച്ച് പ്രയാസമാണെങ്കിലും ജീവന് വിലകൽപ്പിക്കുന്നതിനാൽ യോജിക്കുന്നു.'
- രാജി വിനീത്, വീട്ടമ്മ

'കുട്ടികളെ പിന്നിലോ മുന്നിലോ ഇരുത്തി വാഹനം ഓടിക്കുന്നയാളുമായി ബന്ധിപ്പിച്ച് യാത്രചെയ്യുമ്പോൾ വാഹനം ഓടിക്കുന്നയാളുടെ നിയന്ത്രണം നഷ്ടപ്പെടാനും അയാൾക്ക് ഉണ്ടാകുന്ന അപകടം കുട്ടികളെ കൂടി ബാധിക്കുന്നതിനും ഇടയാക്കും. '

- അൻസിയ, ഇരുചക്രവാഹനയാത്രക്കാരി


'ബുദ്ധിമുട്ടുകൾക്കല്ല ഇവിടെ പ്രധാന്യം, കുട്ടികളുടെ സുരക്ഷയ്ക്കാണ്. കുട്ടികൾക്ക് ഹെൽമെറ്റും ബെൽറ്റും അത്യാവശ്യമാണ്. താഴെ പോകുമെന്ന പേടിയില്ലാതെ അവർക്ക് യാത്ര ചെയ്യാനാവും.

ആ പേടിയില്ലായെ നമുക്ക് സ്കൂട്ടർ ഒാടിക്കാനുമാവും. '

- നീനമോൾ കെ പി, നഴ്‌സ്