പാലാ: നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ സ്വർണപണയത്തിൽ തരിമറി നടത്തി ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത
കേസിൽ രണ്ട് പേർ പിടിയിൽ. കെ.പി.ബി നിധി ലിമിറ്റഡ് എന്ന സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരായ വാഴൂർ കാപ്പൂക്കടവ് കൃഷ്ണഭവനിൽ
അഭിജിത്(26), തോടനാൽ മനക്കുന്ന്പന്തക്കുറ്റിയിൽ ദേവജിത്(25) എന്നിവരെയാണ് പാലാ പൊലീസ് പിടികൂടിയത്. സ്ഥാപനത്തിന്റെ
മാനേജർ വിജയകുമാരൻ നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്റേണൽ ഓഡിറ്റിങിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നാണ് ഈടായി വാങ്ങിയ സ്വർണം സംബന്ധിച്ച് പരിശോധന നടത്തിയത്. സ്വർണത്തിന് പകരം മുക്കുപണ്ടം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ചില വായ്പകൾക്ക് നിശ്ചിച്ച പരിധിയിലും കുറഞ്ഞ അളവിലാണ് സ്വർണം ഈടായി സൂക്ഷിച്ചിരുന്നതെന്നും വ്യക്തമായി. സ്ഥാപനത്തിൽ പണയമായി വച്ചിരുന്ന മൂന്നര കിലോയോളം സ്വർണ ഉരുപ്പടികൾ തിരിമറി നടത്തിയെന്നാണ് സൂചന. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.