ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം 60-ാം നമ്പർ പെരുന്ന ശാഖാ വക ശിവാനന്ദപുരം മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. ഞായറാഴ്ച്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ശാന്തിമഠത്തിന് സമീപത്തായുള്ള പ്രധാന ശ്രീകോവിലിനു മുൻപിലെ കാണിക്കവഞ്ചിയിലെ പണമാണ് നഷ്ടമായത്. പൂട്ട് തല്ലിത്തകർത്ത നിലയിലായിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ ശാന്തി ശ്രീകോവിൽ തുറക്കാനെത്തിയപ്പോഴാണ് കാണിക്കവഞ്ചി തകർന്നനിലയിൽ കണ്ടത്. തുടർന്ന് യൂണിയൻ ഭാരവാഹികൾ സ്ഥലത്തെത്തി ചങ്ങനാശേരി പൊലീസിൽ വിവരമറിയിച്ചു. കാണിക്കവഞ്ചിയിൽ നിന്നും 5000ത്തോളം രൂപ നഷ്ടമായാതായി കണക്കാക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിലെ സി.സി.റ്റി.വി ദൃശ്യങ്ങളടക്കം പൊലീസിന് കൈമാറിയതായി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പറഞ്ഞു. ഒരു വർഷം മുൻപ് ക്ഷേത്രത്തിൽ നിന്നും രണ്ട് ഉരുളികളും മോഷണം പോയിരുന്നു.