അടിമാലി: അടിമാലി ടൗണുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡുകളിൽ ഒന്നായ കരിങ്കുളം കൂമ്പൻപാറ റോഡ് തകർന്ന് ഗതാഗതത്തിന്ഏറെ തടസമായി. കൊച്ചി -ധനുഷ്‌ക്കോടി ദേശിയപാതയേയും അടിമാലി -കുമളി ദേശിയപാതയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡാണ് കരിങ്കുളം ഫയർ സ്റ്റേഷൻ പടി കൂമ്പൻപാറ റോഡ്.ടാറിംഗ് അടക്കമുള്ള നിർമ്മാണ ജോലികൾ നടക്കാത്തതിനാൽ ഫയര്‍സ്റ്റേഷൻ പടി മുതൽ കൂമ്പൻപാറ വരെയുള്ള ഭാഗം കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് റോഡിന്റെ നിർമ്മാണം നടത്തുമെന്ന് പ്രഖ്യാപനം വന്നിരുന്നുവെങ്കിലും തുടർനടപടി ഉണ്ടായില്ല. കൂമ്പൻപാറ, മൂന്നാർ ഭാഗങ്ങളിലേക്ക് അത്യാവശ്യഘട്ടങ്ങളിൽ ഫയർഫോഴ്‌സ് വാഹനങ്ങൾ കടന്നു പോകുന്നത് അടിമാലി ടൗൺ വഴി സഞ്ചരിച്ചാണ്.ഫയർ സ്റ്റേഷൻ മുതൽ കൂമ്പൻപാറ വരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികൾ പൂർത്തീകരിക്കുകയും ചിലഭാഗങ്ങളിലെ റോഡിന്റെഅശാസ്ത്രീയത പരിഹരിക്കുകയും ചെയ്താൽ ഫയർഫോഴ്‌സിന്റേതുൾപ്പടെ ചെറുവാഹനങ്ങൾക്കും ഇതുവഴി കടന്ന് പോകാം.അടിമാലി ടൗണിൽ ഗതാഗതകുരുക്കുണ്ടായാലും വാഹനങ്ങൾ വഴി തിരിച്ച് വിടാൻ ഈ ബൈപ്പാസ് റോഡിനെ ഉപയോഗിക്കാം.ഇത്തരം സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് റോഡിന്റെ നിർമ്മാണത്തിൽ ബന്ധപ്പെട്ടവർ ഇടപെടൽ നടത്തണമെന്ന ആവശ്യം പ്രദേശവാസികൾ മുമ്പോട്ട് വയ്ക്കുന്നു.