ചങ്ങനാശേരി: ബസ് പാർക്കിംഗ് ഏരിയയിൽ ആഹാരവശിഷ്ടങ്ങൾ ചീഞ്ഞളിഞ്ഞ നിലയിൽ. ഇത് യാത്രക്കാരെയും സ്റ്റാൻഡിലെത്തുന്നവരെയും ബുദ്ധിമുട്ടിലാഴ്ത്തുന്നു. പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിനു മദ്ധ്യഭാഗത്ത് ആഹാരവശിഷ്ടങ്ങൾ വാരിവലിച്ചെറിഞ്ഞ നിലയിൽ കാണപ്പെടുന്നത് നിത്യ സംഭവമാണ്. സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന ബസ് തൊഴിലാളികൾ ഭക്ഷണത്തിനുശേഷം പാർക്കിംഗ് ഏരിയായിൽ തന്നെ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതാണ് കാരണം.
അതേസമയം സ്റ്റാൻഡിൽ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനും കളയുന്നതിനും സൗകര്യം ഇല്ലാത്തതാണ് ഇതിനു ഇടയാക്കുന്നതെന്ന് ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നു. ഭക്ഷണാവശിഷ്ടങ്ങളെ കൂടാതെ മറ്റ് മാലിന്യങ്ങളും ഇവിടെ കുന്നുകൂടുന്നുണ്ട്. ആലപ്പുഴ- കോട്ടയം- തിരുവല്ല ഭാഗങ്ങളിലേയ്ക്ക് പോകുന്നതിനായി നിരവധി പേരാണ് ദിനം പ്രതി സ്റ്റാൻഡിൽ എത്തുന്നത്. ബസ് പാർക്ക് ചെയ്തിടുന്ന ഭാഗത്താണ് മാലിന്യങ്ങൾ കൂടിക്കിടക്കുന്നത്. ഇതുമൂലം, അവശിഷ്ടങ്ങൾ സ്റ്റാൻഡിൽ വാരിവലിച്ചെറിഞ്ഞ നിലയിലാണ്.
ഇതോടെ, തെരുവ് നായ്ക്കളുടെയും പക്ഷികളുടെയും ശല്യവും ഇവിടെ രൂക്ഷമാണ്. തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രം കൂടിയായി മാറി ഇവിടം. സ്റ്റാൻഡിൽ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സംവിധാനം ഇല്ലാത്തതാണ് മാലിന്യങ്ങൾ സ്റ്റാൻഡിൽ നിരന്നു കിടക്കുന്നതിന് ഇടയാക്കുന്നത്. അതിനു പരിഹാരമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്റ്റാൻഡിൽ വിവിധ ഭാഗങ്ങളിലായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള സംവിധാനം ക്രമീകരിക്കണമെന്ന യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ആവശ്യം ശക്തമാകുന്നു.