വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സാവിഭാഗം ആരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. 20 വർഷം മുൻപ് രമേശ് ചെന്നിത്തല എം.പിയായിരുന്ന കാലത്ത് തീവ്രപരിചരണ വിഭാഗം ആരംഭിക്കുന്നതിന് കെട്ടിടം പണിയുന്നതിനു ശിലാസ്ഥാപനം നടത്തിയെങ്കിലും സാങ്കേതികത്വത്തിൽ കുടുങ്ങി നിർമ്മാണം നടന്നില്ല. പിന്നീട് പല തവണ ഹൃദ്രോഗ വിഭാഗം ആരംഭിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നടപടിയായില്ല. ജനസാന്ദ്രതയേറിയ വൈക്കത്ത് നിർദ്ധനരുടെ ഏകാശ്രയമാണ് താലൂക്ക് ആശുപത്രി. ദിവസേന 1200 ലധികം രോഗികൾ ഒ.പിയിൽ ചികിത്സ തേടുന്ന ജില്ലയിലെ പ്രധാനപ്പെട്ട ആതുരാലയമാണിത്. 250 ലധികം പേർക്ക് കിടത്തി ചികിത്സയ്ക്കുള്ള സൗകര്യവുമിവിടെയുണ്ട്. ജലാശയങ്ങളും പാടശേഖരങ്ങളും ഉൾപ്പെട്ട വൈക്കത്തെ ഉൾപ്രദേശങ്ങളിലെ ഗതാഗത സൗകര്യം പരിമിതമായ സ്ഥലങ്ങളിൽ താമസിക്കുന്ന സാധാരണക്കാർ ഹൃദ്രോഗ ബാധയുണ്ടായി വിദഗ്ദ്ധ ചികിത്സലഭിക്കാതെ മരണപ്പെടുന്നത് പതിവാണ്.

റഫർ ചെയ്യും മെഡി.കോളേജിലേക്ക് മാർഗമദ്ധ്യേ മരണം

വള്ളത്തിലും, വാഹനത്തിലുമൊക്കെ മാറിക്കയറി വൈക്കം താലൂക്ക് ആശുപത്രിയിലെത്തിക്കുന്ന രോഗിയെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി 40 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിേലേക്ക് കൊണ്ടുപോകുമ്പോൾ മാർഗമദ്ധ്യേ ഭൂരിഭാഗം പേരും മരണപ്പെടുകയാണ്. വിദഗ്ദ്ധ ചികിൽസ ലഭ്യമായിരുന്നെങ്കിൽ ഇതിൽ പലരുടേയും മരണങ്ങൾ ഒഴിവാകുമായിരുന്നെന്ന് ഡോക്ടമാർ തന്നെ പറയുന്നു. വൈക്കം താലൂക്കിന് പുറമെ കായലിനക്കരെ പള്ളിപ്പുറം, തൈക്കാട്ടുശേരി, മാക്കേക്കടവ്, മണപ്പുറം,പൂച്ചാക്കൽ, പെരുമ്പളം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർ വരെ ഇവിടെ ചികിത്സതേടുന്നുണ്ട്.